അരിക്കുളത്തെ വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി വേണം; യു.ഡി.എഫ്.
വെള്ളറങ്ങോട്ട് താഴെ നടന്ന സി.പി.എം. പൊതുയോഗത്തിൽ പ്രകോപന പരമായ പ്രസംഗം നടത്തിയെന്ന് ആരോപണം

അരിക്കുളം: മതവിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തിന്റെ പ്രസംഗത്തിന് എതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വൈകീട്ട് നോമ്പ് തുറന്ന ശേഷം വീടുകൾക്ക് കല്ലെറിയുന്നവരാണ് ഏക്കാട്ടൂരിലെ കോൺഗ്രസ്സുകാരും മുസ്‌ലിം ലീഗുകാരുമെന്നും ഇത് സൗദി അറേബ്യയോ അഫ്ഗാനിസ്ഥാനോ അല്ലെന്ന് ഓർക്കണമെന്നും മറ്റുമായി വർഗീയ പരാമർശങ്ങളോടെ വെള്ളറങ്ങോട്ട് താഴെ നടന്ന സി.പി.എം. പൊതുയോഗത്തിൽ പ്രസംഗിച്ചതായി യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
ഏക്കാട്ടൂരിലെ എരികണ്ടി മീത്തൽ സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീടിന് നേരെ ആഴ്ചകളായി കല്ലേറ് നടക്കുന്നതിനെതിരെ മേപ്പയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് പാതിരാത്രിയിൽ പരിശോധന നടത്തുമ്പോൾ ഈ വീടിനടുത്ത് നിന്നും ഓടിയ ഒരാൾ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിൽ വീഴുകയും ഇയാളെ പിന്നീട് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കിണറ്റിൽ വീണുകിടന്ന ഫോൺ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോൺ പരിശോധിച്ച് വിശദമായ പരിശോധന നടത്തി കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നതാണ് വിവരമെന്നും നേതാക്കൾ അറിയിച്ചു.
ഇതിനിടെ സാമൂഹികെെക്യവും സമാധാനവും നിലനിൽക്കുന്ന പ്രദേശത്ത് സി.പി.എം. ഏരിയാ മെമ്പറുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരേ വീഡിയോ സഹിതം പരാതി നൽകാനും, പി. അഷറഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ്. യോഗം തീരുമാനിച്ചു. കെ. അഷ്‌റഫ്, ഇ.കെ. അഹമ്മദ് മൗലവി, ലതേഷ് പുതിയേടത്ത്, അഹമ്മദ് പൊയിലങ്ങൽ, സി.എം. ഗോപാലൻ, കെ.എം. അബ്ദുൽ സലാം, കെ.കെ. കോയക്കുട്ടി, സി.കെ. നൗഫൽ എന്നിവർ സംസാരിച്ചു.