ആശാവർക്കർമാരുടെ സമരം മുഖ്യമന്ത്രി യോഗം വിളിച്ചു പരിഹരിക്കണം; എച്ച്.എം.എസ്.
എച്ച്.എം.എസ്. നേതൃയോഗം കേന്ദ്ര വർക്കിംഗ് കമ്മിറ്റി മെമ്പർ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: 70 ദിവസമായി തുടർന്നുവരുന്ന ആശാവർക്കർമാരുടെ സമരം പരിഹരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് യോഗം വിളിച്ചു കൂട്ടി പരിഹാരം ഉണ്ടാക്കണമെന്ന് കോഴിക്കോട് ചേർന്ന എച്ച്.എം.എസ്. നേതൃയോഗം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നത് ചെറിയൊരു വിഭാഗമാണെങ്കിലും മഹാഭൂരിപക്ഷം ആശാവർക്കർമാരുടെ മനസ്സും പിന്തുണയും സമരത്തോടൊപ്പം ഉണ്ടെന്ന് കാര്യം വിസ്മരിക്കരുതെന്ന് യോഗം ഓർമിപ്പിച്ചു.
ദേശീയ ഹെൽത്ത് മിഷൻ പറയുന്ന സേവനം നടത്തേണ്ടവർ ആണെങ്കിലും കേരളത്തിലെ ആശാ തൊഴിലാളികൾ കേരളത്തെ ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ വലിയ സേവനമാണ് നിർവഹിക്കുന്നത്. എൻ.എച്ച്.എം. നിർദ്ദേശിക്കുന്നതിനു പകരം കേരള സർക്കാരും ആരോഗ്യവകുപ്പും നിരവധി പ്രവർത്തനങ്ങൾ ആശാവർക്കർമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവരുടെ വേതനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എച്ച്.എം.എസ്. കേന്ദ്ര സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ആശ ഉൾപ്പെടെ എല്ലാ സ്കീം വർക്കേഴ്സിനേയും തൊഴിലാളികളായി അംഗീകരിക്കണമെന്നും പെൻഷൻ പി.എഫ്., ബോണസ്, ഗ്രാറ്റുവിറ്റി, മറ്റ് അനുകൂല്യങ്ങൾ നൽകണമെന്നതാണ്. ഇതിൽ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ഈ സമരത്തിന്റെ ജയാപജയങ്ങൾ തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഗൗരവമായി കാണേണ്ടതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
എച്ച്.എം.എസ്. കേന്ദ്ര വർക്കിംഗ് കമ്മിറ്റി മെമ്പർ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എം. നാണു, ബിജു ആന്റണി, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേം ഭാസിൻ, ശുബലാൽ പാടക്കൽ, ആർ.എം. ഗോപാലൻ, കെ.വി. ചന്ദ്രൻ, എം.പി. അജിത, ജീജാദാസ്, ശ്രീജിത്ത് കെ.കെ., വിജേഷ് ഇ. എന്നിവർ സംസാരിച്ചു.