മെയ് 20ലെ ദേശീയ പണിമുടക്ക് വിജയത്തിന് പയ്യോളിയിൽ പടയൊരുക്കം
എ.ഐ.ടി.യു.സി. കൺവെൻഷൻ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു

പയ്യോളി: മോദി സർക്കാരിൻ്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 14 ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും, ബാങ്ക്, ഇൻഷുറൻസ് മേഖലയിലെയും, പൊതുമേഖലയിലെയും സംഘടനകൾ മെയ് 20ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയമാക്കാൻ പയ്യോളിയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ മുൻസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി. നേതാവ് കെ. ശശിധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.കെ. പ്രേമൻ അദ്ധ്യക്ഷനായി. പി.വി. മനോജൻ, ഇരിങ്ങൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.കെ. ഗണേശൻ സ്വാഗതവും, എൻ.ടി. രാജൻ നന്ദിയും രേഖപ്പെടുത്തി. സമര വിജയത്തിന് മുന്നൊരുക്കങ്ങൾ നടത്താനും തീരുമാനിച്ചു.