പണിമുടക്ക് ശക്തം: ബാലുശ്ശേരിയിലും പേരാമ്പ്രയിലും കൊയിലാണ്ടിയിലും അത്തോളിയിലും ബന്ദിന്റെ പ്രതീതി
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പേരാമ്പ്രയിലും സർക്കാർ സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു
നടുവണ്ണൂർ: ദേശീയതലത്തിൽ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കേരളത്തിൽ പണിമുടക്ക് സമരം ശക്തമായി. കോഴിക്കോട് ജില്ലയിൽ സമരാനുകൂലികൾ ശക്തമായി തെരുവിൽ ഇറങ്ങിയതിനാൽ വാഹനഗതാഗതത്തെയും ഓഫീസ് പ്രവർത്തനങ്ങളെയും ബാധിച്ചു. രാവിലെ ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും റോഡിൽ ഇറങ്ങിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ളവ സമരാനുകൂലികൾ തടഞ്ഞു. ഇരുചക്ര വാഹനങ്ങളെ ഇപ്പോഴും അനുവദിക്കുന്നുണ്ട്. കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പേരാമ്പ്രയിലും സർക്കാർ സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. നടുവണ്ണൂരിലും ഉള്ളിയേരിയിലും സമരം പൂർണമാണ്. മുക്കത്ത് തുറന്ന മത്സ്യക്കട സമരാനുകൂലികൾ അടപ്പിച്ചു. പേരാമ്പ്രയിൽ കാലത്ത് തുറന്ന് പ്രവർത്തിച്ച ചില വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പണിമുടക്ക് അനുകൂലികൾ എത്തി അടപ്പിച്ചു. പേരാമ്പ്രയിൽ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി എയുപി സ്കൂൾ, ജി എൽ പി സ്കൂൾ ഒറവിൽ നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ, നടുവണ്ണൂർ സൗത്ത് യുപി സ്കൂൾ, കരുവണ്ണൂർ ജി യു പി സ്കൂൾ, നൊച്ചാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സമരാനുകൂലികൾ എത്തി സഹകരണം ആവശ്യപ്പെട്ടു. ബാലുശ്ശേരിയിൽ പണിമുടക്ക് ശക്തമായാണ് നടപ്പിലാക്കുന്നത്. ഇവിടെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിർത്തിയിട്ടുണ്ട്, വ്യാപാര സ്ഥാപനങ്ങളെയും പൊതു ഗതാഗതത്തെയും കൂടുതലായി ബാധിച്ചിട്ടുണ്ട്.
കൊയിലാണ്ടിയിൽ പണിമുടക്ക് ശക്തമായാണ് നടക്കുന്നത്. സ്വകാര്യ ബസ് സർവീസുകളെയും മറ്റു ഗതാഗത സംവിധാനങ്ങളെയും കൂടുതലായി ബാധിച്ചിട്ടുണ്ട്; കടകളും അടച്ചിട്ടുണ്ട്. പണിമുടക്കിയ തൊഴിലാളികൾ കൊയിലാണ്ടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയ തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസനു മുമ്പിൽ പൊതുയോഗം നടത്തി. സിഐടിയു നേതാവും മുൻ എം.എൽഎയുമായ, കെ. ദാസൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂരിൽ പണിമുടക്കിനെ തുടർന്ന് വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

