കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം
സമരം തങ്ങളെ അറിയിച്ചില്ലെന്ന കാരണത്താൽ കൗൺസിലർമാർ മാർച്ചിൽ പങ്കെടുത്തില്ല
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വികസന പ്രവർത്തനങ്ങളിൽ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി. മാർച്ച് ഓഫീസ് പരിസരത്ത് എത്തിയപ്പോൾ പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോർപ്പറേഷനിൽ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി നടന്നു എന്ന് ആരോപിച്ചാണ് മാർച്ച് നടത്തുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ പല പദ്ധതികളും കോർപ്പറേഷൻ അട്ടിമറിക്കുകയാണെന്ന് സമരക്കാർ പറഞ്ഞു.അതേസമയം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തില്ല. സമരവുമായി ബന്ധപ്പെട്ട തങ്ങളെ അറിയിച്ചില്ല എന്ന കാരണത്താൽ അവർ പരിപാടിയിൽ പങ്കെടുക്കാതെ പോവുകയായിരുന്നു എന്ന് പറയപ്പെടുന്നു. കോർപ്പറേഷൻ ഓഫീസിലേക്കുള്ള വഴി തടസ്സപ്പെടുത്തി റോഡിൽ കിടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.മാർച്ചിന് നേതൃത്വം നൽകാൻ പ്രകാശ് ബാബു അടക്കമുള്ള മുതിർന്ന നേതാക്കന്മാർ ഉണ്ടായിരുന്നു.

