തൃശ്ശൂരിലുള്ള മുഴുവൻ കോൺഗ്രസുകാരെയും താൻ ബിജെപിയിലേക്ക് ഊറ്റി കൊണ്ട് പോകുമെന്ന് പത്മജ വേണുഗോപാൽ
വിവിധ പാർട്ടികളിലായി പ്രവർത്തിച്ചിരുന്നവർക്ക് ബി.ജെ.പി അംഗത്വം നൽകുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് പത്മജയുടെ പ്രസ്താവന

തൃശ്ശൂർ: തൃശ്ശൂരിലുള്ള മുഴുവൻ കോൺഗ്രസുകാരെയും താൻ ഊറ്റികൊണ്ട് പോകുമെന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. അടുത്ത മാസം കൂടുതൽ ആളുകൾ ബി.ജെ.പിയിലേക്ക് വരും. ഓരോ മാസമായിട്ട് കൊണ്ടു വരാമന്ന് വിചാരിച്ചെന്നും എല്ലാം കൂടിയാവുമ്പോൾ ബുദ്ധി മുട്ടാകുമെന്നും പത്മ വ്യക്തമാക്കി. തൃശ്ശൂർ കോർപറേഷനിൽ വിവിധ പാർട്ടികളിലായി പ്രവർത്തിച്ചിരുന്ന നേതാക്കൾക്ക് ബി.ജെ.പി അംഗത്വം നൽകുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പത്മജ വീണ്ടും രംഗത്തെത്തിയത്. ഞാൻ ബി.ജെ.പിയിലേക്ക് പോയപ്പോൾ ആരും കൂടെ വന്നില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാൻ വിളിച്ച രണ്ട്, മൂന്ന് പേർ കൂടെ വന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ തുടക്കം കുറിച്ചിരിക്കുകയാണ്.
ഈ തൃശ്ശൂരിലെ കോൺഗ്രസുകാരെ ഞാൻ മൊത്തമായി ഊറ്റികൊണ്ട് പോകും' -പത്മജ വ്യക്തമാക്കി. കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുന്ന സ്വഭാവം അച്ഛനിൽ നിന്ന് തനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താൻ പലപ്പോഴും പുറത്ത് പോകേണ്ടി വന്നത്. പ്രവർത്തകരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തനിക്കുണ്ട്. ധൈര്യമായി ബി.ജെ.പിയിലേക്ക് കടന്നുവരാം. നമ്മുടെ വിഷമം കേൾക്കാനായി പുതിയ പ്രസിഡന്റ് ഉണ്ടെന്നും പത്മ വ്യക്തമാക്കി.