headerlogo
politics

രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മാപ്പ് പറയണം; വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ

എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ്

 രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മാപ്പ് പറയണം; വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ
avatar image

NDR News

10 Aug 2025 06:10 AM

ദില്ലി : വോട്ടർ പട്ടിക ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മാപ്പു പറയണമെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷൻ ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉൾപ്പെട്ട കത്ത് രാഹുലിന് അയക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം, രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു. വോട്ടർ പട്ടിക തട്ടിപ്പ് മറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കള്ളനെ കാണിച്ചു കൊടുത്തിട്ടും കമ്മീഷൻ സത്യവാങ്മൂലം ചോദിക്കുകയാണെന്ന് രാഹുൽ പരിഹസിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടിയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. തിങ്കളാഴ്ച എഐസിസി ഭാരവാഹികളുടെ യോഗം ദില്ലിയിൽ ചേർന്ന് അടുത്ത നടപടികൾ തീരുമാനിക്കും. ഇന്ത്യ സഖ്യ നേതാക്കൾ തിങ്കളാഴ്ച പാർലമെൻറിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഈ മാസം 16 മുതൽ രാഹുലും തേജസ്വി യാദവും ചേർന്ന് ബീഹാറിലെ നൂറ് നിയമസഭ സീറ്റുകളിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. 

       സപ്തംബർ ഒന്നിന് പാറ്റ്നയിൽ നടക്കുന്ന മഹാറാലിയിൽ തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും അടക്കമുള്ള കക്ഷികൾ പങ്കു ചേരാനാണ് സാധ്യത. വിഷയത്തിൽ കോടതിയെ സമീപിക്കും മുമ്പ് കർണ്ണാടക സർക്കാരിനെ കൊണ്ട് അന്വേഷണം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. 16ന് കർണ്ണാടക മന്ത്രിസഭ യോഗം ചേർന്ന് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് ആലോചിക്കും. രാഹുൽ ഗാന്ധിയുടെ നീക്കം ചീറ്റിയെന്ന് പ്രതികരിക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി ന്യായീകരിക്കുകയാണ്. നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കാൻ മടിക്കുന്നതെന്തിനെന്ന ചോദ്യം ബിജെപി ആവർത്തിച്ചു.

 

 

 

NDR News
10 Aug 2025 06:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents