നടുവണ്ണൂരിൽ സ്കൂൾ തെരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനം കൂട്ടത്തല്ലിൽ കലാശിച്ചു
ടൗണിൽ രണ്ട് കിലോമീറ്റർ ഓളം നീളത്തിൽ ഗതാഗതക്കുരുക്ക്

നടുവണ്ണൂർ: സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടുവണ്ണൂരിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ ആഹ്ലാദ പ്രകടനം കൂട്ടത്തല്ലിൽ കലാശിച്ചു. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയിച്ചവരെ ആനയിച്ച് യുഡിഎസ്എഫും എസ്എഫ്ഐയും നടത്തിയ ആഹ്ലാദ പ്രകടനങ്ങളാണ് നടു റോഡിൽ സംഘർഷത്തിൽ കലാശിച്ചത്. ജനറൽ സീറ്റിൽ വിജയിച്ചവരെയും ക്ലാസ് പ്രതിനിധികളായി വിജയിച്ചവരെയും ആനയിച്ച് എസ്എഫ്ഐ ആണ് ആദ്യം പ്രകടനം നയിച്ചത്. ടൗണിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങിയ ഈ പ്രകടനത്തിന് പിന്നാലെ ജനറൽ സീറ്റിൽ വിജയിച്ച കുട്ടികളെ ആനയിച്ച് കെഎസ്‌യു എം എസ് എഫ് പ്രവർത്തകരും വന്നു. എസ്എഫ്ഐ പ്രകടനം തിരികെ മാർക്കറ്റിന് അടുത്തെത്തിയപ്പോൾ യുഡിഎഫ് പ്രകടനവുമായി മുഖാമുഖം വന്നപ്പോഴാണ് സംഘർഷവും തുടർന്ന് തല്ലും നടന്നത്.
കെഎസ്‌യു എം എസ് എഫ് പ്രവർത്തകർ പ്രകോപനം ഉണ്ടാക്കിയതാണെന്നാണ് എസ്എഫ്ഐ ആരോപണം. എന്നാൽ എസ്എഫ്ഐ വിദ്യാർത്ഥികൾ തങ്ങളെ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിക്കുകയായിരുന്നു എന്ന് യുഡിഎസ്എഫും ആരോപിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് സംഘർഷത്തിൽ പെട്ടവരെ തല്ലിയോടിച്ചു. പെട്ടെന്ന് മഴ പെയ്തതോടെ സംഘർഷത്തിന് അയവുണ്ടായി, പ്രകടനക്കാർ പല വഴി പോയതായിരുന്നു. എന്നാൽ മഴ നിന്നപ്പോൾ ചിലർ സ്കൂൾ, ബസ്റ്റാൻഡ് പരിസരത്തുള്ള എതിരാളികളുടെ കൊടികളും ബാനറുകളും നശിപ്പിക്കാൻ തുടങ്ങുകയും അത് മറ്റൊരു തല്ലിന് കാരണമാവുകയും ചെയ്തു. ഈ സമയം ബസ്റ്റാൻഡിന് സമീപം വെച്ച് ഇരുഭാഗത്തെയും പ്രവർത്തകർ നേരിട്ട് ഏറ്റുമുട്ടി. അപ്പോഴും പോലീസ് ഇടപെട്ട് പ്രശ്നക്കാരെ വിരട്ടിയോടിച്ചു. ഈ സമയത്ത് അങ്ങാടിയിൽ വന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേർ പ്രയാസത്തിലായി. ഇരു ഭാഗത്തേക്കും പോകേണ്ട നിരവധി സ്വകാര്യ ബസുകളും വൈകുന്നേരമായതിനാൽ ഓഫീസുകളിൽ നിന്നും മറ്റുമായി ടൗണിൽ നിന്ന് വരുന്ന നിരവധി പേരും ഗതാഗതക്കുരുക്കിൽപ്പെട്ടു. ഏതാണ്ട് രണ്ട് കിലോമീറ്റർ വരെ വാഹനങ്ങളുടെ നിര നീണ്ടു. കൂടുതൽ പോലീസ് എത്തി പ്രശ്നക്കാരെ ഓടിച്ചതിന് ശേഷമാണ് സ്ഥിതി നിയന്ത്രണതീതമായത്. സംഘർഷത്തിലും തല്ലിലും പരിക്കേറ്റ വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 54 സീറ്റിൽ 36 എണ്ണം യുഡിഎസ്എഫ് വിജയിച്ചു. ജനറൽ സീറ്റിൽ 2 സീറ്റുകൾ എസ്എഫ്ഐ നേടിയപ്പോൾ 8 സീറ്റ് കെഎസ്‌യു എംഎസ്എഫ് മുന്നണി സ്ഥാനാർത്ഥികൾ കരസ്ഥമാക്കി.