കോട്ടൂർ അംബേദ്കർ ആദിവാസി കോളനി യു.ഡി.എഫ് പ്രതിനിധി സംഘം സന്ദർശിച്ചു
ദുരിതകഥകൾ ഊര് മൂപ്പൻ്റെ നേതൃത്വത്തിലുള്ള കുടുംബങ്ങൾ പ്രതിനിധി സംഘത്തിന്റെ മുമ്പിൽ അവതരിപ്പിച്ചു

വാകയാട് :കോട്ടൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലുള്ള അംബേദ്കർ ആദിവാസി കോളനി ഉന്നതിയിലേക്ക് റോഡ് സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കോട്ടൂർ പഞ്ചായത്തിലെ യു.ഡി.എഫ്. പ്രതിനിധി സംഘം സന്ദർശിച്ചു. കാലാകാലങ്ങളായി യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിൽ ഇവിടെയുള്ള പതിനഞ്ചോ ളം വീട്ടുകാർ അനുഭവിക്കുന്ന ദുരിതകഥകൾ ഊര് മൂപ്പൻ്റെ നേതൃത്വത്തിലുള്ള കുടുംബങ്ങൾ പ്രതിനിധി സംഘത്തിന്റെ മുമ്പിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഒരാളെ പത്തോളം പേര് ചേർന്നു ചുമന്ന് കൊണ്ട് അതിസാഹസികമായാണ് റോഡിലെത്തിച്ച് ആശുപത്രിയിൽ കൊണ്ട് പോയത്. റേഷൻ കട ഉൾപ്പെടെ ദൈനം ദിന ആവശ്യങ്ങൾക്ക് കുന്നിൻ മുകളിൽ നിന്നും താഴ്ന്നഭാഗത്ത് എത്താനുള്ള സാഹസികത വർഷങ്ങളായി ഗ്രാമ പഞ്ചായത്തിന്റെയും സ്ഥലം എം.എൽ.എയുടെയും മുമ്പിൽ അവതരിപ്പിച്ചിട്ടും റോഡിന് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തിട്ടും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനമല്ലാതെ യാതൊരു വിധ നടപടിയും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു.
കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ അധികൃതരിൽ നിന്നും റോഡ് നിർമ്മിക്കാൻ ആവശ്യമായ നടപടി ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തി പ്രദേശ വാസികൾക്ക് നീതി ഉറപ്പ് വരുത്തുമെന്ന് യു.എഫ്.എഫ് പ്രതിനിധി സംഘം ഉറപ്പ് നൽകി. പി.മുരളീധരൻ നമ്പൂതിരി, നിസാർ ചേലേരി, എം.കെ.അബ്ദുസ്സമദ്, ടി.കെ.ചന്ദ്രൻ, കെ കെ.അബൂബക്കർ, ടി എ.റസാഖ്, ഗോവിന്ദൻ കുട്ടി, എം.ബഷീർ, ടി.ഹസ്സൻ കോയ, സി.എച്ച്.സുരേന്ദ്രൻ, ഹരിത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരവിന്ദാക്ഷൻ, ഷംന പാലൊളി, ഉഷ, മനോഹരൻ, ഗീത എന്നിവർ സംഘത്തിൽപങ്കെടുത്തു.