നൊച്ചാട് പഞ്ചായത്തിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ വെട്ടിമാറ്റാൻ യുഡിഎഫ് ശ്രമം
യുഡിഎഫ് പ്രവർത്തകരുടെ പരാതി മൂലം നിരപരാധികളായ വോട്ടർമാർ പ്രതിസന്ധിയിൽ

നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ വെട്ടിമാറ്റാൻ യുഡിഎഫ് സംഘടിത ശ്രമം നടത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഡ്വ:കെ കെ രാജൻ ആണ് പത്രക്കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചത്. നൊച്ചാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരം താമസക്കാരായ 268 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ് പ്രവർത്തകരുടെ പരാതി മൂലം നിരപരാധികളായ വോട്ടർമാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിരവധി പേർക്ക് ജോലിയും പഠനവും ഉപേക്ഷിച്ച് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കേണ്ട അവസ്ഥയാണ്. മിക്ക പരാതികളും വ്യാജ അഡ്രസ്സിലും ഒരാൾ തന്നെ 25 വോട്ടർമാരുടെ പേരിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ ഹിയറിങ്ങിന് പരാതിക്കാരന് തെളിവ് ഹാജരാക്കാൻ കഴിയാറില്ല. സെക്രട്ടറി പറഞ്ഞു.
വോട്ടർമാരെ ദ്രോഹിക്കുന്ന യുഡിഎഫിന്റെ ഈ നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. പഞ്ചായത്തിലെ വാർഡ് 11 ലെ ക്രമനമ്പർ 213 വിദ്യാർത്ഥിനിയുടെയും 119 ക്രമനമ്പർ ഉള്ള സ്കൂൾ പാചക തൊഴിലാളി സ്ത്രീയുടെയും വോട്ടും നീക്കം ചെയ്യാൻ നൽകിയ പരാതിയിൽ പഞ്ചായത്ത് ഹാളിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ വോട്ടർമാർ പ്രതിഷേധമുയർത്തിയത് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ സമാധാനപരമായി മുന്നോട്ടു പോയ ഘട്ടത്തിൽ പഞ്ചായത്ത് ഓഫീസിൽ സംഘടിച്ചെത്തുന്ന യുഡിഎഫുകാർ എല്ലാ ദിവസവും സംഘർഷം സൃഷ്ടിച്ച് വാർത്തയാക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറിയെ ഘരാവോ ചെയ്തതും തൊഴിലുറപ്പ് ഓവർസിയറേ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ്. സമാധാനപരമായി വോട്ടർപട്ടിക പുതുക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള യുഡിഎഫ് ശ്രമത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളുംരംഗത്ത് ഇറങ്ങണമെന്നും രാജൻ പറഞ്ഞു.