കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
കഠാരയുടെ പകുതി ഭാഗം പൊട്ടി കാൽമുട്ടിനുള്ളിലാണുള്ളത്

കണ്ണൂർ: വിദ്യാർഥിനിയോട് അശ്ലീലം പറഞ്ഞത് ചോദ്യംചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗത്തെ ലഹരി മാഫിയാ സംഘം കുത്തി പ്പരിക്കേൽപിച്ചു. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവും എടക്കാട് ഏരിയാ സെക്രട്ടറിയുമായ കെ എം വൈഷ്‌ണവിനെയാണ് (24) കുത്തിയത്. കഠാരയുടെ പകുതി ഭാഗം പൊട്ടി കാൽമുട്ടിനുള്ളിലാണുള്ളത്. കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്‌ണവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇന്ന് പകൽ 2.30 ഓടെ തോട്ടട എസ്എൻജി കോളേജിന് മുന്നിലാണ് അക്രമം. കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോളേജിൽ എത്തിയതായിരുന്നു വൈഷ്‌ണവ്. കോളേജിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകയോട് സംസാരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ അശ്ലീലം പറയുകയായിരുന്നു. ബൈക്കോടിച്ച് പോയി തിരികെവന്ന് വീണ്ടും അശ്ലീലം പറഞ്ഞു. ചോദ്യം ചെയ്‌തപ്പോൾ നെഞ്ചിന് നേരേ കഠാരവീശി. ഒഴിഞ്ഞു മാറുന്നതിനിടെയാണ് കൈക്ക് വേട്ടേറ്റത്. വീണ്ടും കഠാരവീശിയത് തടഞ്ഞപ്പോഴാണ് കാൽമുട്ടിന് കുത്തിയത്.
കഠാരപൊട്ടിയതോടെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ക്യാമ്പസ് പരിസരത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ ത്തിയാണ് വൈഷ്ണവിനെ ആശുപത്രിയിലെത്തിച്ചത്. ഈ മേഖലയിൽ വിദ്യാർഥിനികൾ ക്കുനേരെ ലഹരിസംഘങ്ങൾ അപമര്യാദയായി പെരുമാറുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.