രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈബ്രാഞ്ച് കേസെടുത്തു
പുറത്തുവന്ന വോയ്‌സ് ക്ലിപ്പുകളും ചാറ്റുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈബ്രാഞ്ച്. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് കേസ്. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെതിരെ പുറത്തുവന്ന വോയ്‌സ് ക്ലിപ്പുകളും ചാറ്റുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
നിലവിൽ പൊതുപ്രവർത്തകർ ഉൾപ്പടെ ഡി.ജി.പിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. നേരത്തെ പല രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നുവെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചില്ലെന്നാണ് എം.എൽ.എ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ കോൺഗ്രസ് പറഞ്ഞ വാദം. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയത്.