വടകരയിൽ ഷാഫി പറമ്പിൽ എം.പി.യെ ഡിവൈഎഫ്ഐ വഴിയിൽ തടഞ്ഞു
ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈ എഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്.
ഷാഫിയെ തടയുമെന്ന ഭീഷണി ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ തന്നെ മുഴക്കിയിരുന്നു. അതിനിടയിലാണ് ഷാഫി ഇന്ന് വടകരയിലെത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ടൗൺ ഹാളിനടുത്ത് കൂടെ പോവുന്നതിനിടെയാണ് ഡിവൈ എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. പ്രവർത്തകർ വാഹനം തടഞ്ഞതോടെ ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. പൊലീസ് സുരക്ഷയോടെയായിരുന്നു ഷാഫിയുടെ യാത്ര. പുറത്തിറങ്ങിയ ഷാഫിയേയും പൊലീസ് തടഞ്ഞു. എന്നാൽ തനിക്കെതിരെ അസഭ്യ വർഷം നടത്തേണ്ടന്നും പ്രതിഷേധം ആകാമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. സമരം നടത്തിക്കോട്ടെ, പക്ഷേ അനാവശ്യം പറയരുത്. സമരക്കാർക്ക് പരിക്ക് പറ്റരുതെന്നും വാഹനം നിർത്താനും താൻ പൊലീസിനോട് പറഞ്ഞു. സമരത്തിൻ്റെ പേരിൽ ആഭാസത്തരം പറയരുത്. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പേടിച്ച് വടകര അങ്ങാടിയിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പത്തുമിനിറ്റോളം ഇരു കൂട്ടരും തമ്മിൽ തർക്കം നിലനിന്നു. പിന്നീട് ഷാഫി പറമ്പിൽ എംപി കാറിൽ കയറി പോവുകയായിരുന്നു.