പോലീസിനെ അക്രമിച്ചെന്ന കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു
പ്രതികൾക്ക് വേണ്ടി അഡ്വ.എൽ.ജി ലിജീഷ് കോടതിയിൽ ഹാജരായി

കൊയിലാണ്ടി: 2017ൽ കൊയിലാണ്ടിയിൽ പ്രതിഷേധത്തിനിടെ പോലീസിനെ അക്രമിച്ചെന്ന കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു. 2017 മെയ് 29നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന് മുൻവശം എസ്.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രചരണവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അവിടെയെത്തിയ കൊയിലാണ്ടി പോലീസ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി റിബിൻ കൃഷ്‌ണയെ കാരണങ്ങളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് ആരോപിച്ച് കൊയിലാണ്ടി ടൗണിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഇതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാക്കളായ ഡി.ലിജീഷ്, ടി.സി അഭിലാഷ്, ബി.പി ബബീഷ്, ശ്രീരാഗ്, അനൂപ്, അജിത് കുമാർ, അരുൺ, അഭിജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കോടതിയിൽ പോലീസിന് കേസ് തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് കേസിൽ ഇവരെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ.എൽ.ജി ലിജീഷ് കോടതിയിൽ ഹാജരായി.