പിരിച്ച പണം കൊണ്ട് ഒരു മിഠായി പോലും മുസ്‌ലിം ലീഗ് വാങ്ങിക്കൊടുത്തില്ല; വിമർശിച്ച് മന്ത്രി കെ രാജൻ
സ്വന്തം കഴിവുകേടുകൾ മറച്ച് സർക്കാരിനെ വിമർശിക്കുന്നു

കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ വിമർശിച്ച് മന്ത്രി കെ രാജൻ.മുസ്ലിം ലീഗ് സ്വന്തം കഴിവുകേടുകൾ മറച്ച് സർക്കാരിനെ വിമർശിക്കുകയാണെന്നും പിരിച്ച പണം കൊണ്ട് ഒരു മിഠായി പോലും വാങ്ങി കൊടുക്കാൻ ലീഗ് തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ തകർക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്ന് നിരവധി ലീഗ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനാണ് മന്ത്രിയുടെ മറുപടി. വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട സിപിഐ അതൃപ്തിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണ്. സിപിഐയിൽ ഭിന്നാഭിപ്രായമില്ല. അങ്ങനെയൊരു അഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനയുഗം ഓണപ്പതിപ്പിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ലേഖനത്തിൽ പ്രതികരിച്ച കെ രാജൻ ജനാധിപത്യ പരമായി അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും സംവാദങ്ങളുടെ ഇടം അടയ്‌ക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.ഫാസിസത്തിനെതിരെയാണ് സിപിഐ നിലപാട്. രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നെന്നു കരുതി സിപിഐയുടെ അഭിപ്രായ മാവില്ലെന്നും അദ്ദേഹം പറഞ്ഞു.