വയനാട്ടിൽ കോൺഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കി
മരിച്ചത് കള്ളക്കേസിൽ കുടുക്കിയെന്ന കേസിലെ ആരോപണവിധേയൻ

കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണ വിധേയരിൽ ഒരാളായിരുന്നു ജോസ്.
വീട്ടിൽനിന്ന് മദ്യവും സ്ഫോടക വസ്തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. സ്ഫോടകവസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടുവെച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയിലിൽനിന്ന് മോചിതനായത്. സംഭവത്തിന് പിന്നിൽ ജോസ് ഉൾപ്പെടെ ഉള്ളവരാണെന്ന് ജയിലിൽനിന്ന് പുറത്തെത്തിയതിന് പിന്നാലെ തങ്കച്ചൻ ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കുളത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.