രാഷ്ട്രീയത്തിനപ്പുറത്ത് വലിയ സൗഹൃദവലയം സൃഷ്ടിച്ച് അഷ്റഫ് മങ്ങര വിട പറഞ്ഞു
1982 ൽ നടുവണ്ണൂർ സ്കൂളിൽ കെ എസ് യു യൂണിറ്റ് രൂപീകരിച്ച് രാഷ്ട്രീയാരംഭം

നടുവണ്ണൂർ: നടുവണ്ണൂർ പ്രദേശത്തെ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ ഉജ്ജ്വല നേതാവായിരുന്ന അഷ്റഫ് മങ്ങരയുടെ വേർപാട് പ്രദേശത്തിന് രാഷ്ട്രീയത്തിനപ്പുറത്തുള്ള നഷ്ടമാണ്. കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ തന്നെ എല്ലാവരോടും ഹൃദ്യമായ ബന്ധം സൂക്ഷിക്കുവാൻ കഴിവുള്ള സദാ പ്രസന്ന വദനനായ സവിശേഷ വ്യക്തിത്വത്തിന് ഉടമയായിരുന്നു അഷ്റഫ്. തനിക്ക് തോന്നുന്ന ശരികൾ കണിശമായും കൃത്യമായും ആരുടെ മുമ്പിലും സുഹൃത്ത് ബന്ധത്തിനു ഉലച്ചിൽ ഇല്ലാതെ പറയുന്ന നിലപാട് എല്ലാ രാഷ്ട്രീയക്കാർക്കും മാതൃകയായാണ്. അഷ്റഫിന്റെ മരണ വാർത്തയറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഇന്ന് വീട്ടിലെത്തി ചേർന്നത്. അർബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്ന അഷ്റഫ് പൊതുരംഗത്ത് നിന്നും മാറി നിന്നിട്ട് ഏതാനും മാസങ്ങളെയായുള്ളൂ. തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ബന്ധുക്കളും അഭ്യുദയകാംക്ഷികളും എല്ലാം ചേർന്ന് തലശ്ശേരിയിലെ ആശുപത്രിയിൽ ഏറ്റവും ഉയർന്ന ചികിത്സ തന്നെ നൽകാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തി യിരിക്കവെയാണ് പ്രിയപ്പെട്ടവരെ യെല്ലാം ദുഃഖത്തിലാഴ്ത്തിയുള്ള അപ്രതീക്ഷിത വിടവാങ്ങൽ.
1982 ൽ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു കൊണ്ട് തുടങ്ങിയ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രാദേശികമായി വിവിധ സ്ഥാന മാനങ്ങൾ ഇദ്ദേഹം അലങ്കരിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന അഷ്റഫ് പിന്നീട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. തൊട്ടു മുമ്പത്തെ ടേമിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 497 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു. രാഷ്ട്രീയ ഭേദമന്യേ വലിയൊരു സുഹൃത് വലയത്തിനുടമയായ അഷ്റഫിൻ്റെ വേർപാട് പ്രദേശത്തിന്റെ മുഴുവൻ ദുഃഖമായി മാറി. നാലുമണിയോടെ ചാത്തോത്ത് ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നിസ്കാരത്തിലും തുടർന്ന് കിഴക്കോട്ട് ജുമാമസ്ജിദിൽ നടന്ന കബറടക്കത്തിലും നൂറുകണക്കിനാ ളുകളാണ് പങ്കു ചേർന്നത്. കബറടക്കത്തിനു ശേഷം കിഴുക്കോട് നിസാമിയ മദ്രസ ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ സംസാരിച്ചു.