അമേരിക്കൻ കടന്നാക്രമണങ്ങൾക്കെതിരെ പേരാമ്പ്രയിൽ സിപിഐഎം പ്രതിഷേധ റാലി
സിപിഐഎം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഖത്തറടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമേരിക്കൻ സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഐഎം നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ സ്വന്തം താൽപ്പര്യങ്ങൾക്കായി ലോകമെമ്പാടും സൃഷ്ടിക്കുന്ന യുദ്ധഭീഷണികളും കലാപങ്ങളും അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ചെറുരാജ്യങ്ങളെ അടിച്ചമർത്തി സ്വാർത്ഥത നിറവേറ്റുന്ന അമേരിക്കൻ നയങ്ങൾക്കെതിരെ ഐക്യമായ ജനകീയ പ്രതിരോധം ഉയരണമെന്നും അവർ അഭിപ്രായപ്പെട്ടു. സിപിഐഎം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അമേരിക്കയുടെ കടന്നാക്രമണങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾക്കും, നിരപരാധികളുടെ ജീവനാശത്തിനും കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യാന്തര ബന്ധങ്ങളിൽ നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ജനകീയ സമ്മർദ്ദമാണ് ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു.വി.കെ. പ്രമോദ്, കാവുങ്ങൽ കുഞ്ഞിക്കണ്ണൻ, മേയലാട്ട് ബാലകൃഷ്ണൻ, സി.കെ. അശോകൻ എന്നിവർ പ്രസംഗിച്ചു. ജനങ്ങളുടെ പ്രതിഷേധ ശബ്ദം ലോകത്തിന്റെ ഭരണാധികാരികൾ കേൾക്കേണ്ടതുണ്ടെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.