പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുന്നു'; തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ നശിപ്പിക്കുന്നു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തുവെന്ന് കർണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞായിരുന്നു വാർത്താ സമ്മേളനത്തിൻ്റെ തുടക്കം. അത് വരാനിരിക്കുന്നതേയുള്ളു എന്നും രാഹുൽ പറഞ്ഞു.
കർണ്ണാടകയിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. സ്വന്തം അമ്മാവൻ്റെ വോട്ട് പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി ബൂത്ത് ലെവൽ ഓഫീസർമാർ കണ്ടെത്തിയതോടെ യാദൃശ്ചികമായാണ് തട്ടിപ്പ് പുറത്ത് വന്നത്. ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വോട്ട് നഷ്ടപ്പെട്ടവരെ വേദിയിൽ എത്തിച്ചത്. കർണ്ണാടകയിൽ വോട്ടു കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ അന്വേഷണ സംഘം 18 മാസത്തിനുള്ളിൽ 18 കത്തുകൾ അയച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ നൽകിയില്ലെന്ന് രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക അന്വേഷണ സംഘത്തിന് ഒരാഴ്ചക്കുള്ളിൽ തെളിവുകൾ കൈമാറണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.