അവഗണനയിൽ പ്രതിഷേധിച്ച് കൂത്താളിയിലെ കോൺഗ്രസ് നേതാവ് ഭാരവാഹിത്വം രാജിവച്ചു
യൂത്ത് കോൺഗ്രസ് കൂത്താളി മണ്ഡലം വൈസ് പ്രസിഡന്റ് ദിലീപ് തോട്ടത്തിലാണ് രാജിവെച്ചത്
കൂത്താളി: യൂത്ത് കോൺഗ്രസ് കൂത്താളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പദവിയിൽ നിന്നും ദിലീപ് തോട്ടത്തിൽ രാജിവെച്ചു. പാർട്ടിയിലെ ചില നേതാക്കളുടെ സമീപനവും അവഗണനയും കാരണം ഇത് നിർണ്ണായകമായ തീരുമാനം ആയതാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നിലപാട് തുടരുകയാണെങ്കിൽ പേരാമ്പ്ര മേഖലയിലെ യൂത്ത് കോൺഗ്രസിനും പാർട്ടിക്കും പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും, ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
പാർട്ടിയുടെ പോഷക സംഘടനകളിൽ നിന്നും മാത്രമാണ് രാജിവെച്ചതെന്നും പാർട്ടിയുടെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു പാർട്ടികളിലേക്ക് ചേർന്ന് പ്രവർത്തിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ചിലർ ഇതിനെ വളച്ചൊടിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. രാജിക്കത്ത് കൂത്താളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫിക്കാണ് സമർപ്പിച്ചത്.

