ചെങ്ങോട്ടുകാവിലെ അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളെന്ന് പരാതി
മാനദണ്ഡങ്ങൾ പരിഗണിക്കാതെ ആസൂത്രിതമായി വോട്ടർ പട്ടികയിൽ കൃത്രിമം വരുത്തി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളെന്ന് പരാതി. പഞ്ചായത്ത് സെക്രട്ടററിയായ സജീവൻ.ഇ.ജി,അസി: സെക്രട്ടറി ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്ക് എന്നിവർ ചേർന്ന് മാനദണ്ഡങ്ങൾ പരിഗണിക്കാതെ ആസൂത്രിതമായി വോട്ടർ പട്ടികയിൽ കൃത്രിമം വരുത്തിയെന്നാണ് പരാതി ഉയർന്നത്. അതിർത്തികളുടെ പുനർ നിർണ്ണയം സംബന്ധിച്ച അന്തിമ നിയോജക മണ്ഡലം വിഭജന റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ ഉദ്യോഗസ്ഥർ പരി ഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. വാർഡ് 18 ൽ നിന്നും 21 ആൾ താമസമുള്ള വീടുകളിലെ 112 വോട്ടർമാരെ തെറ്റായി ഉൾപ്പെടുത്തിയിരുന്നു. ഈ കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ സെക്രട്ടറിക്ക് സ്വമേധയാ തെറ്റുകൾ തിരുത്താനുള്ള അപേക്ഷ നൽകുകയും ചെയ്‌തിരുന്നതായി യു.ഡി.എഫ് ചെങ്ങോട്ടുകാവ് കമ്മറ്റി. അപേക്ഷകളിന്മേൽ സെക്രട്ടറി ഫീൽഡ് വിസിറ്റ് നടത്തി സ്വമേധയാ തിരുത്തലുകൾ വരുത്തണ മെന്നതാണ് ഇലക്ഷൻ കമ്മീഷൻ്റെ ഉത്തരവ്. എന്നാൽ വാർഡ് 16 ലെ 20 വീടുകളിലെ 116 വോട്ടർമാരെ അനധികൃതമായി ചേർത്തത് മാത്രം നീക്കം ചെയ്യാൻ സെക്രട്ടറി തയ്യാറായില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. കാര്യം അന്വേഷിക്കാൻ ചെന്നവരോട് സെക്രട്ടറി ധിക്കാരപരമായ മറുപടികളാണ് നൽകുന്നത്. ഇതിനെ തുടർന്ന് ലത്തീഫ് കവലാട്, യു.വി ബാബുരാജ് എന്നിവർ ജില്ല തെരഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല. എന്നാൽ സമാനമായ തരത്തിലുള്ള കാര്യത്തിൻ മേൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, സി.പി.എം ലോക്കൽ കമ്മറ്റി എന്നിവർ നൽകിയ ആക്ഷേപത്തിൻമേൽ ഒരു ദിവസത്തിനുള്ളിൽ തന്നെ ജില്ലാ തല ഇലക്ഷൻ കമ്മീഷൻ അധികൃതർ തീർപ്പ് കൽപ്പിക്കുകയും ചെയ്‌തതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
ഈ പരാതി അന്വേഷിക്കാൻ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയ പന്തലായനി ബ്ലോക്ക് റിട്ടേർണിംഗ് ഓഫീസർ കൂടിയായ ജില്ലാ സപ്ലൈ ഓഫീസർ ചുമതല ലഭിച്ചിട്ട് ദിവസങ്ങളായിട്ടും സ്ഥല പരിശോധന നടത്താതെ ഈ വിഷയത്തിൽ പ്രതിസ്ഥാനത്തുളള പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടുക മാത്രമാണ് ചെയ്തിട്ടുളളത്. കൂടാതെ ഇലക്ഷൻ കമ്മീഷൻ അന്തിമമായി വിജ്ഞാപനം ചെയ്ത അതിർത്തികൾ തിരുത്താനുള്ള ശ്രമങ്ങൾക്കും സെക്രട്ടറി തുടക്കം കുറിച്ചിട്ടുണ്ടെന്നും അതിനാൽ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിന്മേലുള്ള തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യു.ഡി.എഫ് ചെങ്ങോട്ടുകാവ് കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മഠത്തിൽ അബ്ദുറഹിമാൻ [യു ഡി എഫ് മണ്ഡലം ചെയർമാൻ ] യു.വി. ബാബുരാജ്, സി.ഹനീഫ മാസ്റ്റർ, മുരളി തെറോത്ത്, എ.എം.ഹംസ, വി.പി. പ്രമോദ്, അലികൊയിലാണ്ടി, ലത്തീഫ് കവലാട്, വി.വി. അബ്ദുൽ റഷീദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

