രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി: വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ്. ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്ന് പ്രിന്റു പറഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നാളെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
സംസ്ഥാന നേതാക്കള്‍ തിരുവനന്തപുരത്ത് പ്രതിഷേധത്തില്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. കൊലവിളി നടത്തിയ ബിജെപി വക്താവിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചു. പ്രിന്റു മഹാദേവിനെതിരെ നടപടി എടുക്കണമെന്നാണ് കത്തില്‍ കെ സി ആവശ്യപ്പെട്ടിരിക്കുന്നത്.

