പഞ്ചായത്ത് പ്രസിഡന്റിന് നേരെ കയ്യേറ്റശ്രമം; പേരാമ്പ്രയിൽ എൽ.ഡി.എഫ്. പ്രതിഷേധ പ്രകടനം ഇന്ന് വൈകീട്ട്
സംഭവത്തിൽ പേരാമ്പ്ര ടൗണിൽ പോലീസ് സുരക്ഷ ശക്തമാക്കി

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിനെ ഓഫീസിനകത്ത് അതിക്രമിച്ചു കയറി ആക്രമിച്ച സംഭവത്തിൽ പേരാമ്പ്രയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യു.ഡി.എഫ്. നേതൃത്വം മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ്. ഇന്ന് വൈകുന്നേരം 5മണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തും. സംഭവത്തിൽ പേരാമ്പ്ര ടൗണിൽ പോലീസ് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. പ്രഖ്യാപിച്ച ഹർത്താലിനിടെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകർ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തത്. ഓഫീസ് അടപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് ഭരണപക്ഷമായ എൽ.ഡി.എഫ്. ആരോപിക്കുന്നത്. പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജനപ്രതിനിധിയെ ആക്രമിച്ച നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു. വികസനം തടസ്സപ്പെടുത്താൻ കോൺഗ്രസ് ബോധപൂർവം അക്രമം അഴിച്ചുവിട്ടുവെന്ന് സി.പി.ഐ.എം. ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ആരോപിച്ചു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടും മറ്റ് വികസന കാര്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്ന സമയത്താണ് യു.ഡി.എഫ്. പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെ റൂമിലേക്ക് കയറി വന്ന് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി പഞ്ചായത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന ഫണ്ട് കൃത്യമായി വിനിയോഗിച്ച് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ജില്ലയ്ക്കും സംസ്ഥാനത്തിനും മാതൃകാപരമാണ്. എന്നിട്ടും കോൺഗ്രസ് അക്രമം അഴിച്ചുവിട്ട് നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുകയും വികസനത്തിന് തടസ്സം നിൽക്കുകയും ചെയ്യുകയാണ്. ഹർത്താലിന്റെ മറവിലെ ഈ അക്രമം ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും സാധ്യതയുള്ളതിനാൽ ടൗണിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പേരാമ്പ്ര ടൗണിലും പഞ്ചായത്ത് പരിസരത്തും പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് അതീവ ജാഗ്രതയിലാണ്.