ഷാഫി പറമ്പിൽ എം.പിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ഇ.പി. ജയരാജനെതിരെ കേസെടുക്കണം; വി.പി. ദുൽഖിഫിൽ
കനത്ത പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസും യു.ഡി.എഫും നിർബന്ധിതരാകുമെന്നും പ്രതികരണം

വടകര: സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്, യു.ഡി.എഫ്. പ്രവർത്തകർക്കെതിരെ കള്ള കേസെടുക്കുന്ന പോലീസ് എന്തുകൊണ്ട് കൊലവിളി പ്രസംഗം നടത്തിയ ഇ.പി. ജയരാജനെതിരെയും പോലീസുകാരെ ഭീഷണിപ്പെടുത്തിയ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെയും കേസെടുക്കാത്തതെന്ന് ചോദിച്ചു. യു.ഡി.എഫ്. പ്രവർത്തകർക്കെതിരെ കള്ള കേസ് ചുമത്താൻ ആണ് പോലീസിന്റെ തീരുമാനമെങ്കിൽ കനത്ത പ്രതിരോധം തീർക്കാൻ യൂത്ത് കോൺഗ്രസും യു.ഡി.എഫും നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ റേഡിയോ നടത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തിയത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും ദുൽഖിഫിൽ ചോദിച്ചു. സുപ്രീംകോടതി ഉത്തരവടക്കം മറികടന്ന് പോലീസ് നരനായാട്ട് നടത്തുകയാണെന്നും പോലീസ് ഇപ്പോൾ നടത്തുന്നത് നിയമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നരനായാട്ടിന് വടകര എസ്.പി. കൂട്ടുനിന്നാൽ ശക്തമായ പ്രതിഷേധത്തിന് യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നേതൃത്വം നൽകുമെന്നും വി.പി. ദുൽഖിഫിൽ കൂട്ടിച്ചേർത്തു. വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയേയും യു.ഡി.എഫ്. പ്രവർത്തകരെയും ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർ വീണ്ടും പ്രകോപനം തുടരുകയാണെന്നും രാത്രികളിൽ വീടുകളിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ വ്യക്തമാക്കി. എം.എസ്.എഫ്. ജില്ലാ പ്രസിഡൻ്റ് അഫ്നാസ് ചോറാട് യൂത്ത് ലീഗ് നേതാക്കളായ അഫ്സൽ, അൻസീർ കെ.എസ്.യു. നേതാവ് മുഹമ്മദ് നിഷാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.