പേരാമ്പ്രയിൽ വനിതാ ലീഗ് സന്നദ്ധ സേന സമർപ്പണം നാളെ
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും

പേരാമ്പ്ര: കേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിൽ മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ കീഴിൽ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗ് പ്രവർത്തനം ആരംഭിക്കികയാണ്. ഒരു വർഷം നീണ്ടു നിന്ന വിവിധ പരിശീലന ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് വളണ്ടിയർ വിംഗ് പ്രവർത്തനം ആരംഭിക്കുന്നത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നായി 216 വളണ്ടിയർമാരാണ് നാളെ (ഞായർ) സമൂഹത്തിനു മുന്നിൽ സമർപ്പിക്കുന്നത്.
ദുരന്തനിവാരണം, മയ്യിത്ത് പരിപാലനം, ട്രോമ കെയർ, ഫസ്റ്റ് എയ്ഡ്, സോഷ്യൽ ഇന്റലിജൻസ് അവയർനെസ് ഉൾപ്പെടെ കൃത്യമായ പരിശീലനം ആവശ്യമുള്ള മേഖലകളിൽ ഷീ ഗാർഡ് വളണ്ടിയർ വിങ്ങിന്റെ സേവനം ലഭ്യമാകും. നല്ലവരായ സഹകാരികളിൽ നിന്നും ലഭ്യമായ സാമ്പത്തിക സഹായവും, വളന്റിയർമാരിൽ നിന്നും സ്വരൂപിച്ച സഹായവും കൊണ്ടാണ് നാളിതുവരെ വളണ്ടിയർ വിങ്ങിന്റെ പ്രവർത്തനങ്ങൾ നടന്നു വന്നത്.
നാളെ വൈകീട്ട് 4 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ദേശീയ വനിതാ ലീഗ് പ്രസിഡൻ്റ് ഫാത്തിമ മുസാഫിർ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയ വനിതാ ലീഗ് സെക്രട്ടറി അഡ്വ. നൂർബീന റഷീദ് മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ നേതാക്കൾ, വനിതാ ലീഗ് ജില്ലാ നേതാക്കൾ, മണ്ഡലം നേതാക്കൾ മറ്റു പോഷക സംഘടന ഭാരവാഹികൾ, 10 പഞ്ചാത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർ ,മറ്റു ഭാരവാഹികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ഇതു സംബന്ധിച്ച് പേരാമ്പ്രയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത്, ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ, ട്രഷറർ സൽമ നൻമനക്കണ്ടി, എ.വി സക്കിന, പി. കുഞ്ഞയിഷ, സാബിറ നടുക്കണ്ടി എന്നിവർ അറിയിച്ചു.