ലൈംഗിക അതിക്രമ കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റിനെ അയോഗ്യനാക്കണം - വി.പി. ദുൽഖിഫിൽ
മണിയൂരിൽ യു.ഡി.വൈ.എഫ്. നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

വടകര: ലൈംഗിക അതിക്രമ കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റിനെ അയോഗ്യനാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. കേരളോത്സവത്തിനിടയിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ്. നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാർക്ക് ഒത്താശ പാടിയ മണിയൂർ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടണമെന്നും ലൈംഗിക അതിക്രമ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫിനെ അയോഗ്യനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിലേക്കും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ദുൽഖിഫിൽ അറിയിച്ചു.
വിഷ്ണു മുത്തുവീട്ടിൽ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്ലിയ റവല്യൂഷണറി യൂത്ത് നേതാവ് ശരണ്യ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.സി. ഷീബ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബബിൻ ലാൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ ഹമീദ്, അഷറഫ് ചാലിൽ, അതുൽ മണിയൂർ തുടങ്ങിയവർ സംസാരിച്ചു.