ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ രാപകല്‍ സെക്രട്ടേറിയറ്റ് ധര്‍ണ ആരംഭിച്ചു
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന നേതാക്കളും സമരത്തിന്റെ ഭാഗമായി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത മഴ നനഞ്ഞാണ് നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. സ്വര്‍ണ മോഷണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. നാളെ സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കും.
ശബരിമലയിലേത് നിസാരമായ വിഷയമല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. സ്വര്‍ണക്കൊള്ള ചെറിയ ആരോപണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് ഇതൊരു വീഴ്ചയാണെന്നു മാണെന്ന് രാജീവ് പറഞ്ഞു. അഴിമതി നടന്നാല്‍ ശകലം ഉളുപ്പുണ്ടെങ്കില്‍ രാജിവെയ്ക്കണം. ഉളുപ്പോ പ്രതിബദ്ധതയോ ഉത്തരവാദിത്വമോ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

