നടുവണ്ണൂരിൽ ഡിവൈഎസ്പിയുടെ വീട്ടിലേക്കുള്ള കോൺഗ്രസ് മാർച്ച് അൽപ്പ സമയത്തിനകം; നേരിടാൻ കനത്ത പോലീസ് സന്നാഹം
മാർച്ച് ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും
നടുവണ്ണൂർ: പേരാമ്പ്രയിൽ യുഡിഎഫ് പ്രകടത്തിനിടെ വടകര എംപി ഷാഫി പറമ്പിലിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട്, വടകര ഡിവൈഎസ്പി ആയിരുന്ന ഹരിപ്രസാദിന്റെ വീട്ടിലേക്കുള്ള ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മാർച്ച് 11. 30 ന് നടുവണ്ണൂർ കോൺഗ്രസ് ഭവന് മുന്നിൽ നിന്ന് ആരംഭിക്കും. നടുവണ്ണൂർ മന്ദങ്കാവ് റോഡിലുള്ള ഡിവൈഎസ്പിയുടെ വീടിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ മാർച്ച് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിലിനെ മർദ്ദിച്ച പോലീസ് നടപടിയിൽ ഡിവൈഎസ്പി ഹരിപ്രസാദിനെ സസ്പെൻഡ് ചെയ്യുക, കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
മാർച്ച് നേരിടുന്നതിനായി കനത്ത സുരക്ഷ സനാഹങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹൈവേയിൽ നിന്ന് ഏതാണ്ട് 200 മീറ്റർ പിന്നിടുമ്പോഴാണ് ഡിവൈഎസ്പി ഹരിദാസിന്റെ വീട്. മാർച്ച് തടയുന്നതിനായി 100 മീറ്റർ അകലെ റോഡിൽ പോലീസ് ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. വീട്ടിന് മുൻപിലും പരിസരപ്രദേശങ്ങളിലും ഏതു സാഹചര്യവും നേരിടാവുന്ന വിധം പോലീസിനെ ഒരുക്കി നിർത്തിയിട്ടുണ്ട്. തഹസിൽദാർ , ഡിവൈഎസ്പി മാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും നേരത്തെ തന്നെ സ്ഥലത്തെത്തി.
അതേസമയം തികച്ചും സമാധാനപരമായ മാർച്ച് ആണ് ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ രാജീവൻ അറിയിച്ചു. ഓരോ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ മാത്രമാണ് ഓരോ മാർച്ചിൽ പങ്കെടുപ്പിക്കുന്നത്. ഏതാണ്ട് മുന്നൂറോളം പ്രവർത്തകർ പങ്കെടുക്കും എന്നാണ് കരുതുന്നത്. തികച്ചും സമാധാനപരമായി മാർച്ച് നടത്തുകയുള്ളൂവെന്നും നേതാക്കൾ അറിയിച്ചു.

