ഡിവൈഎസ്പി ആർ.ഹരിപ്രസാദിൻ്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
മാർച്ചിൻ്റെ ഔപചാരിക ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ നിർവഹിച്ചു
നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദിൻ്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി.
നടുവണ്ണൂർ ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ദകാവ് റോഡിലെ ഹരിപ്രസാദിന്റെ വീടിന് സമീപം പൊലീസ് തടഞ്ഞു. വീട്ടിൽ നിന്നും 100 മീറ്റർ അകലെ റോഡിൽ ബാരിക്കേട് തീർത്താണ് മാർച്ച് തടഞ്ഞത്. പേരാമ്പ്ര ഡിവൈഎസ്പി എം.പി രാജേഷ്, പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ പി.കെ ജിതേഷ്, വി. സിജിത്ത്, പി. ജംഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാർച്ച് തടഞ്ഞത്.
മാർച്ചിൻ്റെ ഔപചാരിക ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ നിർവഹിച്ചു. ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി. ഷാഹിൻ അധ്യക്ഷത വഹിച്ചു. ബാലുശേരി ബ്ലോക്ക് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം സ്വാഗതം പറഞ്ഞു.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായ വാക്ക് തർക്കം നേരിയ സംഘർഷത്തിന് ഇടയാക്കി. ബാരിക്കേഡ് തള്ളിത്തുറക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കന്മാർ ഇടപെട്ട് പിന്തിരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കല്ലാട്ട്, ടി.എം നിമേഷ്, വി.പി ദുൽഖിഫിൽ, ഭവിത്ത് മലോൽ, അഖില മരിയാട്ട്, എസ് സുനന്ദ്, വി.ടി സൂരജ്, ഫായിസ് നടുവണ്ണൂർ, അബിന കുന്നത്ത്, വി.ആർ കാവ്യ, ഷഹർ ബാനു സാദത്ത്, എ. നിത്യ തുടങ്ങിയവർ നേതൃത്വം നൽകി.

