headerlogo
politics

കളക്ടർ ജനങ്ങളെ വെല്ലുവിളിക്കുന്നു; നാഷണൽ ജനതാദൾ

നാഷണൽ ജനതാദൾ ഭാരവാഹികൾ പ്രദേശവാസികളെ സന്ദർശിച്ചു

 കളക്ടർ ജനങ്ങളെ വെല്ലുവിളിക്കുന്നു; നാഷണൽ ജനതാദൾ
avatar image

NDR News

02 Nov 2025 11:12 AM

താമരശ്ശേരി: ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട കലക്ടറും ഉദ്യോഗസ്ഥന്മാരും ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് ഫ്രഷ് കട്ട് സമര നടപടിയിൽ സ്വീകരിച്ചിട്ടുള്ളതെന്ന് ഫ്രഷ് കട്ട് ഇരകളായവരുടെ വീടുകളിൽ സന്ദർശനം നടത്തിയ നാഷണൽ ജനതാദൾ ഭാരവാഹികൾ പറഞ്ഞു. നാലു പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ പരിപൂർണ്ണമായും ദുരിതത്തിലാക്കി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിന് സംരക്ഷണം ഒരുക്കുന്നവരായി ഉദ്യോഗസ്ഥരും അധികാരികളും മാറിയിരിക്കുകയാണ്. ശുദ്ധവായുവും കുടിവെള്ളവും നിഷേധിക്കപ്പെട്ട് രോഗബാധിതരായ ജനക്കൂട്ടം മാസങ്ങളായി ജനാധിപത്യ രീതിയിൽ സമാധാനപരമായി നടത്തിയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഉദ്യോഗ വർഗ്ഗം ശ്രമിച്ചത്. 

       ഇതൊരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പ്രായമുള്ള സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പോലും അർദ്ധരാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് കയറിയിറങ്ങുന്ന സ്ഥിതിവിശേഷമാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ഇത് അവസാനിപ്പിക്കാൻ ഉള്ള നടപടി സ്വീകരിക്കുന്നതിന് പകരം ഫ്രഷ് കട്ട് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് സംരക്ഷണം ഒരുക്കാനാണ് കലക്ടറും പോലീസ് ഉദ്യോഗസ്ഥന്മാരും ശ്രമം നടത്തുന്നത്. ഇത് അങ്ങേയറ്റം അപലനീയവും, പ്രതിഷേധാർഹമാണെന്നും, ജനിച്ച മണ്ണിൽ ജീവിക്കാൻ പോരാടുന്ന മനുഷ്യർക്ക് എല്ലാവിധ ഐക്യദാർഢ്യവും നിയമ സഹായങ്ങളും നൽകുമെന്നും നാഷണൽ ജനതാദൾ നേതാക്കൾ പറഞ്ഞു. 

      യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റ് എ.പി. യൂസഫ് അലി മടവൂർ, നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രദീപ് കുമാർ, ചന്ദ്രൻ പൂക്കിണാമ്പത്ത്, ജില്ലാ പ്രസിഡൻ്റ് പി.പി. അഷ്റഫ്, ഗഫൂർ കൂടത്തായി, ഭാസ്കരൻ കൊടുവള്ളി എന്നിവർ പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി.

NDR News
02 Nov 2025 11:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents