എസ്ഐആർ; എന്യൂമറേഷൻ ഫോം വിതരണം വേഗത്തിൽ പൂർണീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം
രാത്രിയിലും ബിഎൽഒമാർ വീടുകളിലെത്തി ഫോം വിതരണം ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വേഗത്തിലാക്കാൻ നീക്കം. എൻയൂമറേഷൻ ഫോം വിതരണം വേഗത്തിൽ പൂർണ്ണീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ നിർദ്ദേശം നൽകി. വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ രാത്രിയിലും ബിഎൽഒമാർ വീടുകളിലെത്തി ഫോം വിതരണം ചെയ്യണം. ചീഫ് ഇലക്ടറൽ ഓഫീസറും ജില്ലാ കളക്ടർമാരും ബിഎൽഒമാരോടൊപ്പം വീടുകളിൽ സന്ദർശനം നടത്തുമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
അതേസമയം, എസ്ഐആറിനെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും. വോട്ടർ പട്ടിക പരിഷ്കരണത്തിന് എതിരെ തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ച് മാതൃക സ്വീകരിക്കണമെന്ന സർവകക്ഷി യോഗത്തിൻ്റെ ആവശ്യം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ബിജെപി ഒഴികെയുളള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമനടപടിയോട് യോജിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂർണ്ണമായും യോജിക്കുന്നുവെന്നും കോടതിയിൽ പോയാൽ കേസിൽ കക്ഷിചേരാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിയമോപദേശം ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സർക്കാർ തലത്തിൽ ധാരണയായത്.

