കോൺഗ്രസ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;മുനീർ എരവത്ത് മേപ്പയൂരിൽ
ഏഴ് വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിൽ 14 ഡിവിഷനുകളിൽ നിന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ഏഴ് വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എടച്ചേരി, കായക്കൊടി, മേപ്പയൂർ, ചാത്തമംഗലം, കക്കോടി, ബാലുശേരി, കാക്കൂർ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
എടച്ചേരിയിൽ വത്സലകുമാരി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ. നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്. മഹിളാ കോൺഗ്രസ് ഭാരവാഹി. വൈസ് പ്രസി. കെഎസ്എസ്‌പിഎ), കായക്കൊടിയിൽ സജിഷ എടുക്കുടി (കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), മേപ്പയൂരിൽ മുനീർ എരവത്ത് (ഡിസിസി ജനറൽ സെക്രട്ടറി, നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), ചാത്തമംഗലത്ത് അബ്‌ദുറഹ്‌മാൻ എടക്കുനി (ഡിസിസി ജനറൽ സെക്രട്ടറി), കക്കോടിയിൽ വിനയ ദാസ് എൻ ഐ കൂട്ടമ്പൂർ (കെഎസ് യൂണിറ്റ് വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ബാലുശേരിയിൽ വി എസ് അഭിലാഷ് (ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), കാക്കൂരിൽ അഡ്വ. സുധിൻ സുരേഷ് (വൈസ് പ്രസിഡന്റ് ബാലുശേരി അസംബ്ലി യൂത്ത് കോൺഗ്രസ് കമ്മിറ്റി, കെഎസ്‌യു കോഴിക്കോട് മുൻ ജില്ലാ ജനറൽ സെക്രട്ടറി, ജവഹർ ബാൽ മഞ്ച് മുൻ ജില്ലാ ചെയർമാൻ) എന്നിവരാണ് ഏഴ് ഡിവിഷനുകളിൽ നിന്നും മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 16 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ 63 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി ഏഴ് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുളള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

