വന്ദേഭാരതിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന് പരിശോധിക്കും
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
അതേ സമയം ആര്‍എസ്എസിന്‍റെ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും രംഗത്തെത്തി. വിവാദങ്ങള്‍ മൈന്‍ഡ് ചെയ്യേണ്ടെന്നും തീവ്രവാദ ഗാനമല്ലല്ലോ ചൊല്ലിയത് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

