കോഴിക്കോട് കോർപ്പറേഷനിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
ഒന്നാംഘട്ടത്തില്‍ 45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്
കോഴിക്കോട്: സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. ഒന്നാംഘട്ടത്തില്‍ 45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കുക. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്.
നിലവില്‍ ഏഴ് കൗണ്‍സിലര്‍ മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈ സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് കോര്‍പ്പറേഷനിലെ നിര്‍ണായക കക്ഷിയായി മാറാനാണ് ബിജെപിയുടെ പുറപ്പാട്.
2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഈ മികവ് നിലനിര്‍ത്തിക്കൊണ്ട് ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി ബിജെപി മുന്നേ തന്നെ മത്സരരംഗത്ത് സജീവമായിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

