സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് ഡി സി സി ജനറൽ സെക്രട്ടറി രാജിവെച്ചു
ഡി സി സി ജനറൽ സെക്രട്ടറി എൻ.വി ബാബു രാജ് ആണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസിൽ കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഡി സി സി ജനറൽ സെക്രട്ടറി എൻ.വി ബാബു രാജ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. വാർഡുമായി ബന്ധമില്ലാത്ത ആളെ കെ പി സി സി ജനറൽ സെക്രട്ടറി ഇടപെട്ട് സ്ഥാനാർഥി ആക്കി എന്ന് ആരോപിച്ചാണ് രാജി. എരഞ്ഞിപ്പാലം വാർഡിൽ കെ പി സി സി സ്ഥാനാർഥി നിർണയ മാർഗരേഖ അട്ടിമറിച്ചു വെന്നും വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിച്ചില്ലെന്നും എൻ വി ബാബുരാജ് വാർത്ത സമ്മേളനത്തിൽ അരോപിച്ചു.
പരാജയം ഭയന്ന് കെ പി സി സി ജനറൽ സെക്രട്ടറി സുരക്ഷിതമായ മറ്റൊരു വാർഡിലേക്ക് പോയി. എരഞ്ഞിപ്പാലം വാർഡിൽ നൂലിൽ കെട്ടി സ്ഥാനാർഥിയെ ഇറക്കി. വാർഡുമായി ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാർഥിയാക്കി, ഗ്രൂപ്പ് ഇല്ലാത്തവർക്കും നേതാക്കളുടെ പെട്ടി തൂക്കി നടക്കാത്തവർക്കും കോൺഗ്രസിൽ പരിഗണനയില്ലെന്നും അഴിമതിയിൽ കോഴിക്കോട്ട് സി പി എം- കോൺഗ്രസ് നെക്‌സസ് ആണെന്നും ബാബുരാജ് ആരോപിച്ചു. പ്രതികരിക്കാൻ കോൺഗ്രസിൽ ആളില്ലാതായി. മറ്റൊരു പാർട്ടിയിലേക്കും തത്കാലമില്ലെന്നും ബാബുരാജ് പറഞ്ഞു.

