കേരളത്തിലെ ഭരണം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂടെ:സത്യൻ കടിയങ്ങാട്
യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മേപ്പയൂർ: കേരളത്തിലെ പിണറായി ഭരണകൂടം കള്ളന്മാരുടെയും, കൊള്ളക്കാരുടെയും കൂടയാണെന്ന് കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് അഭിപ്രായപ്പെട്ടു. അടുത്ത കാലങ്ങളിലായി ബഹുമാനപ്പെട്ട കോടതി നേരിട്ട് ഇടപെട്ട് ശബരിമല സ്വർണ്ണ മോഷണം ഉൾപ്പെടെയുള്ള കൊളളക്കെതിരെ നടപടി സ്വീകരിക്കാൻ വേണ്ടി സ്വമേധയാ കേസെടുക്കുന്ന സാഹചര്യം കേരളത്തിൽ സംജാതമായി രിക്കയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതോടൊപ്പം അക്രമ പ്രവർത്തനങ്ങൾ നടത്തി നാട്ടിൽ അരാചകത്വം സൃഷ്ടിച്ച് പോലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാ വിളയാട്ടവും നമ്മുടെ മുൻപാകെയുണ്ട്.
ഷാഫി പറമ്പിൽ എം.പി യുടെ നേർക്ക് കഴിഞ്ഞ ദിവസം പേരാമ്പ്ര വെച്ച് പോലീസ നേരിട്ട് നടത്തിയ അക്രമങ്ങൾ തന്നെ പോലീസിനെ ഉപയോഗിച്ച് ഇവർ നടത്തി ക്കൊണ്ടിരിക്കുന്ന ഗുണ്ടാ വിളയാട്ടത്തിന് ഉദാഹരണമാണെന്നും സത്യൻ കടിയങ്ങാട് പറഞ്ഞു. അതു കൊണ്ട് കേരളത്തിൽ ഒരു ഭരണമാറ്റം അനിവാര്യമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അതിന്റെ തുടക്കമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കൺവീനർ കമ്മന അബ്ദുറഹിമാൻ, ജില്ലാപഞ്ചായത്ത് മേപ്പയൂർ ഡിവിഷൻ സ്ഥാനാർത്ഥി മുനീർ എരവത്ത്, ഇ അശോകൻ, എ.വി അബ്ദുള്ള, മേപ്പയൂർ കുഞ്ഞികൃഷ്ണൻ,ടി.കെ.എ ലത്തീഫ്,കെ.പി രാമചന്ദ്രൻ,പി.കെ അനീഷ്,എം.എം അഷറഫ്,എം.കെ അബ്ദുറഹിമാൻ,കെ.പി വേണുഗോപാൽ,കെ.എം.എ അസീസ്,ശ്രീ നിലയം വിജയൻ,സത്യൻ വിളയാട്ടൂർ സംസാരിച്ചു.

