കോൺഗ്രസിന് ആശ്വാസം;വൈഷ്ണ സുരേഷിന് മത്സരിക്കാം
വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസ്സമുണ്ടാകില്ല.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു.
വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി. രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഐഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു.
വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. വൈഷ്ണയുടെ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണം എന്ന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയ ഹൈക്കോടതി, ഇല്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

