ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് പ്രവർത്തകന് വധഭീഷണിയെന്ന് പരാതി
സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്നാണ് ഇവർ പറഞ്ഞത്.
പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് പ്രവർത്തകന് വധഭീഷണിയെന്ന് പരാതി. പതിമൂന്നാം വാർഡിലെ സ്ഥാനാർത്ഥിയായ കോൺഗ്രസ് പ്രവർത്തകനായ ഉപനന്ദൻ എന്ന നന്ദൻ ആപ്പാംകുഴിയാണ് മേപ്പയ്യൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്ത് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്നാണ് ഇവർ പറഞ്ഞത്.
അന്തരിച്ച കോൺഗ്രസ് നേതാവ് മുയിപ്പോത്ത് ആപ്പാംകുഴി കുഞ്ഞിരാമൻ്റെ മകനാണ് നന്ദൻ. കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന നന്ദൻ പാർട്ടി നേതൃത്വത്തിൻ്റെ തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നന്ദൻ ആപ്പാംകുഴിയുടെ സ്ഥാനാർത്ഥിത്വം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് കടുത്ത ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ വിമത സ്ഥാനാർത്ഥിയുടെ മത്സരം കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കാനും യു.ഡി.എഫിൻ്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് മേപ്പയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

