പ്രവർത്തകരെ ആവേശത്തേരിലേറ്റി ഷാഫി പറമ്പിൽ എംപി നടുവണ്ണൂരിൽ
അയ്യന്റെ സ്വർണ്ണം കട്ടവർക്ക് തെരഞ്ഞെടുപ്പ് തിരിച്ചടിയായി മാറുമെന്ന് ഷാഫി
നടുവണ്ണൂർ: നടുവണ്ണൂരിലെ യുഡിഎഫ് പ്രവർത്തകരെ ആവേശത്തേരിലേറ്റി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായ ഷാഫി പറമ്പിൽ എംപി നടുവണ്ണൂരിൽ എത്തി. നിശ്ചയിച്ച സമയത്തിൽ നിന്നും മൂന്ന് മണിക്കൂറോളം വൈകി എത്തിയിട്ടും നൂറുകണക്കിനാളുകൾ ഷാഫിയെ കാത്തിരുന്നു. ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ മുന്നറിയിപ്പ് ആയിരിക്കുമെന്ന് എം പി പറഞ്ഞു. സാത്വികരായ ഭക്തന്മാർ ദേവപ്രസാദത്തിനായി നൽകിയ സമ്പത്ത് ശബരിമലയിൽ കട്ടെടുത്ത സർക്കാർ ആണിത്. ഇതിൻറെ ശിക്ഷ ഈ തെരഞ്ഞെടുപ്പിലെ മെസ്സേജ് ആയി മാറും. ഷാഫി പറഞ്ഞു.
ഷാഫിയെ കാണാനും പ്രസംഗം കേൾക്കാനും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് എത്തിച്ചേർന്നത്. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ എം കെ പരീദ് അധ്യക്ഷം വഹിച്ചു. കെ രാജീവൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കാവിൽ പി മാധവൻ, ടി കെ കാദർകുട്ടി, ടി ഇബ്രാഹിംകുട്ടി മാസ്റ്റർ, കാഞ്ഞിക്കാവ് ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

