രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി,
കേസ് ഡയറി ഹാജരാക്കണം; ഹർജിയിൽ 15ന് വാദം കേൾക്കും '
കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. വിശദമായ വാദം കേട്ട ശേഷം തീരുമാനമെന്ന് വ്യക്തമാക്കിയാണ് കോടതി വരുന്ന 15ാം തീയതിയിലേക്ക് കേസ് മാറ്റിയത്. വിശദമായ വാദം കേൾക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്. പരാതി നൽകാനുണ്ടായ കാലതാമസം, പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയത് രാഷ്ട്രീയ പ്രേരിതം എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതതോടെയുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് അനുചിതമെന്ന സുപ്രീം കോടതി വിധിന്യായങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി 57 പേജുള്ള ഹർജിയാണ് കോടതിക്ക് മുന്നിലെത്തിയത്.
ജസ്റ്റിസ് കെ ബാബു മുൻപാകെ 32ാമതായി ലിസ്റ്റ് ചെയ്ത് കേസ് ആദ്യം പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയുടെ ആദ്യ സിറ്റിംഗിൽ വാദം കേൾക്കാതെ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടുന്നതാണ് പതിവ്. ഇത് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ നീക്കം. സംസ്ഥാന സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നേരിട്ട് ഹാജരായി. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തയ്യാറെന്ന് സർക്കാരും. എന്നാൽ ഹർജിയിൽ പറയുന്നത് ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണെന്നും വിശദമായ വാദം ആവശ്യമെന്നും ഹൈക്കോടതി നിലപാടെടുത്തു.

