ഉജ്ജ്വല റാലിയോടെ നടുവണ്ണൂരിൽ എൽഡിഎഫ് കലാശക്കൊട്ടിലേക്ക്
ബാൻഡ് ചെണ്ട അടക്കമുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയിലായിരുന്നു റാലി
നടുവണ്ണൂർ: നടുവണ്ണൂർ പട്ടണത്തെ ഇളക്കി മറിച്ച് ഉജ്ജ്വല റാലിയുടെ എൽഡിഎഫ് തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലേക്ക്. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗതാഗത തടസ്സം വരാതെ നടത്തിയ റാലി ശ്രദ്ധേയമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പേർ രജിസ്ട്രാഫീസിന് സമീപം സമ്മേളിച്ച ശേഷം ബാൻഡ് ചെണ്ട അടക്കമുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയിൽ യോഗസ്ഥലമായ ബാങ്ക് പരിസരത്തേക്ക് നീങ്ങുകയായിരുന്നു. വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പിന്നിലായി എൽഡിഎഫിന്റെ പഞ്ചായത്ത് സാരഥികൾ നടന്നു.രണ്ട് വരിയായി നീങ്ങിയ പ്രകടനം നടക്കുമ്പോൾ തന്നെ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ കടന്നു പോകാൻ വളണ്ടിയർമാർ സൗകര്യം ഒരുക്കിയിരുന്നു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആദർശ് പുതുശ്ശേരി അധ്യക്ഷം വഹിച്ചു. കെ സജീവൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചെത്തിയ മേച്ചൻകോട്ട് ഷാജിയെയും കുടുംബത്തെയും ശ്രീജിത്തിനെയും കുടുംബത്തെയും യോഗത്തിൽ വച്ച് എളമരം കരീം ചുവപ്പ് മാലയണിയിച്ച് സ്വീകരിച്ചു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ ശശി കോലോത്ത് സ്വാഗതം പറഞ്ഞു. സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം പി വസന്തം, ആർ ജെ ഡി സ്റ്റേറ്റ് സെക്രട്ടറി എം കെ വത്സൻ, എൻസിപി സംസ്ഥാന സെക്രട്ടറി രാജൻ മാസ്റ്റർ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

