കൊയിലാണ്ടിയിൽ ആരു വാഴും; നിലനിർത്താൻ എൽഡിഎഫ് പിടിച്ചെടുക്കാൻ യുഡിഎഫ്
വാർഡ് വിഭജനം വന്നപ്പോൾ ആകെ സീറ്റ് നാല്പത്തിയാറ് ആയി
കൊയിലാണ്ടി: ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് യുഡിഎഫിന്റെ ശക്തി ദുർഗമായിരുന്ന കൊയിലാണ്ടി നഗരസഭ പിടിക്കാൻ ഇത്തവണ അരയും തലയും മുറുക്കി രംഗത്താണ് യു ഡി എഫ്. നഗരസഭ ആയതിനു ശേഷം ഒരുതവണ പോലും യുഡിഎഫിന് ഭരണത്തിൽ എത്താൻ കഴിഞ്ഞില്ല. യുഡിഎഫിന്റെ ആധിപത്യം തടയാൻ നഗരസഭ രൂപീകരിച്ചപ്പോൾ ചുവപ്പ് കോട്ടയായ അരിക്കുളം പഞ്ചായത്തിന്റെ കാവുംവട്ടം ഭാഗം ചേർത്ത് മുനിസിപ്പാലിറ്റി രൂപീകരിക്കുകയായിരുന്നു. ഇതോടെയാണ് നഗരസഭ ഏകപക്ഷീയമായി എൽഡിഎഫിന് അനുകൂലമായത്. കൊയിലാണ്ടി ടൗണും തീരദേശ ഭാഗങ്ങളും യുഡിഎഫിന് അനുകൂലമാണെങ്കിലും കാവുംവട്ടം ഭാഗത്ത് വലിയ സ്വാധീനമില്ല. നഗരസഭ ചെയർമാൻമാരായിരുന്ന പി വിശ്വൻ കെ. ദാസൻ എന്നിവർ പിന്നീട് കൊയിലാണ്ടി എംഎൽഎമാരായി. കോടികൾ മുടക്കിപ്പണിത പുതിയ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് എൽഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്. കൊയിലാണ്ടി ടൗൺ കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരം മരാമറ്റം ബസ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിൽ പാർക്കുകൾ സ്ഥാപിച്ചത് ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്നു.
പട്ടികജാതി സംവരണമാണ് ഇത്തവണ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനം. എൽഡിഎഫ് പക്ഷത്തുനിന്ന് യുകെ ചന്ദ്രനാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കൊയിലാണ്ടി ഗവൺമെൻറ് കോളേജിൽ എസ്എഫ്ഐ നേതാവായി നേതൃസ്ഥാനത്തേക്ക് വന്നതാണ് യുകെ ചന്ദ്രൻ. ഇതേകാലത്ത് സഹപാഠിയായി കോളേജിൽ പഠിച്ച കോൺഗ്രസ് നേതാവ് വി.ടി. സുരേന്ദ്രനാണ് എതിർപക്ഷത്തെ ചെയർമാൻ സ്ഥാനാർത്ഥി. ബിജെപിക്ക് സ്വാധീനമുള്ള തീരദേശ ഭാഗത്ത് കഴിഞ്ഞതവണ മൂന്ന് അംഗങ്ങളെ വിജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ സീറ്റ് എണ്ണം വർദ്ധിപ്പിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. എന്തായാലും ഇത്തവണ നഗരസഭ പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് എങ്കിൽ കഴിഞ്ഞ അഞ്ചുവർഷം ഉണ്ടാക്കിയ നേട്ടങ്ങൾ നഗരസഭ വൻ വിജയത്തോടെ നിലനിർത്താൻ തുണയാകുമെന്ന ആത്മ വിശ്വാസത്തിലാണ് എൽഡിഎഫ്. ഇരുപക്ഷത്തിന്റെയും സംസ്ഥാന ദേശീയ നേതാക്കൾ ഇതിനകം പ്രചരണ യോഗങ്ങളിൽ എത്തിയത്.

