എതിരാളികൾ ആക്രമിച്ചതായി നടുവണ്ണൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി; ആരോപണം നാടകമെന്ന് യുഡിഎഫ്
ബാലുശ്ശേരി സിഐ സ്ഥലത്ത് എത്തി അന്വേഷണം നടത്തി
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് മത്സര രംഗത്തുള്ള ലീഗ് റിബൽ എംകെ സിറാജിനെ, സ്കൂട്ടറിൽ സഞ്ചരിക്കവേ യുഡിഎഫ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി. സ്കൂട്ടറും തകർത്തിട്ടുണ്ട്. അബോധാവസ്ഥയിലായ സിറാജിനെ ബാലുശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥാനാർഥി പരാതി നൽകിയതിനെ തുടർന്ന് ബാലുശ്ശേരി സിഐ സ്ഥലത്ത് എത്തി അന്വേഷണം നടത്തി.
ഒമ്പതാം വാർഡിലെ വോട്ടർ ആയ ചാത്തൻകണ്ടി ഗഫൂറിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ഇരുട്ടിൽ, തന്നെ രണ്ടു പേർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും വസ്ത്രങ്ങൾ കീറിപ്പറിക്കുകയും ചെയ്തതായി സിറാജ് പോലീസിനോട് പറഞ്ഞു. വോട്ട് തേടി വീട്ടിൽ വന്ന എം കെ സിറാജ് തിരികെ പോയ ഉടനെ ഓടി വരികയും തന്നെ രണ്ട് പേർ ചേർന്ന് ആക്രമിച്ചെന്ന് അറിയിക്കുകയും ആയിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു. സംഭവം ഉടൻതന്നെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. തൊട്ടടുത്ത നിമിഷം യുഡിഎഫ് രംഗത്ത് വരികയും ഇത് തെരഞ്ഞെടുപ്പിന്റെ അവസാന രംഗത്ത് എതിർ സ്ഥാനാർത്ഥിയെ കരി വാരിത്തേക്കാനുള്ള നാടകമാണെന്ന് ആരോപിക്കുകയും ചെയ്തു. സത്യാവസ്ഥ കണ്ടെത്തണം എന്ന ആവശ്യവുമായി യു ഡി എഫ് ഉടൻതന്നെ ബാലുശ്ശേരി പോലീസിൽ പരാതിയും നൽകി. എന്നാൽ കേസിന്റെ തുടരന്വേഷണം നടക്കും മുമ്പ് തന്നെ സിറാജ് സ്വമേധയാ പരാതി പിൻവലിക്കുകയായിരുന്നു.

