കുട്ടൂലിയമ്മ 113 ആം വയസ്സിൽ കോട്ടൂർ എയുപി സ്കൂളിൽ വോട്ട് ചെയ്തു; തെരുവത്ത് കടവ് ബൂത്തിൽ കള്ളവോട്ട് ശ്രമം
കള്ളവോട്ട് ആരോപിച്ച് യുഡിഎഫ് പ്രവർത്തകരാണ് യുവാവിനെ തടഞ്ഞു വച്ചത്
നടുവണ്ണൂർ: ജനാധിപത്യത്തിലെ ഉന്നതമായ കടമ നിർവഹിക്കുന്നതിന് ഒരിക്കൽ കൂടി പോളിംഗ് സ്റ്റേഷനിലെത്തി കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വോട്ടർ ആയ കൊരോങ്ങൽ കുട്ടൂലി അമ്മ (113) ആണ് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം കോട്ടൂർ എയുപി സ്കൂളിലെ ബൂത്തിൽ എത്തിച്ചേർന്നത്. വോട്ടധികാരം ലഭിച്ചതു മുതൽ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത് പോന്നിട്ടുണ്ട് കുട്ടൂലിയമ്മ.ഇപ്പോൾ നടുവണ്ണൂരിലുള്ള മകളോടൊപ്പം കഴിയുന്ന കുട്ടിലിയമ്മ ബന്ധുക്കൾ വാഹനത്തിൽ എത്തിക്കുക യായിരുന്നു. പ്രായത്തിന്റേതായ ചില അസ്വസ്ഥതകൾ അല്ലാതെ പോകാനും വരാനുമുള്ള ആവേശത്തിനൊന്നും ഒട്ടും കുറവില്ല. കാഴ്ചശേഷി കുറവായതുകൊണ്ട് ഓപ്പൺ വോട്ട് തന്നെയാണ് ചെയ്തത്. 113 ആം വയസ്സിലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കടമ നിറവേറ്റാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് കുട്ടൂലിയമ്മ.
അതേസമയം തെരുവത്ത് കടവിലെ ഒറവിൽ ജിഎൽപി സ്കൂളിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് വോട്ട് ചെയ്യാൻ വന്നയാളെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു വെക്കുകയായിരുന്നു. ഉള്ളിയേരി അഞ്ചാം വാർഡിലെ ബൂത്തിൽ എത്തിയ ആളെയാണ് തടഞ്ഞുവെച്ചത്. ഇയാൾ നടുവണ്ണൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ രാവിലെ വോട്ട് ചെയ്തതിനു ശേഷം ഉച്ചയോടെ ഉള്ളിയേരി പഞ്ചായത്തിലെ ഒറവിൽ ഗവൺമെൻറ് എൽപി സ്കൂളിലെ രണ്ടാം പോളിങ്ങ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

