പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി
കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു.
ഫലം വന്നതിന് തൊട്ടുപിന്നാലെ കണ്ണൂർ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവർത്തകരുടെ വടിവാൾ പ്രകടനം. യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി.ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
കണ്ണൂർ ഉളിക്കൽ മണിപ്പാറയിലും സിപിഎം കോൺഗ്രസ് സംഘർഷമുണ്ടായി. ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെയായിരുന്നു പിന്നീട് ആക്രമണം. പൊലീസ് സാന്നിധ്യത്തിലാണ് സിപിഎം പ്രവർത്തകർ ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെയും ആക്രമണം നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു.

