ഇന്ന് വൈകിട്ട് ആഹ്ലാദപ്രകടനങ്ങൾ; ഗതാഗത കുരുക്കിന് സാധ്യത
പഞ്ചായത്ത് മുൻസിപ്പാലിറ്റി തലങ്ങളിലെ ആഹ്ലാദപ്രകടനങ്ങൾ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് നടക്കുക
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തെ തുടർന്ന് ഇന്ന് പലയിടത്തും ഔദ്യോഗിക ആഹ്ലാദപ്രകടനങ്ങൾ പ്രഖ്യാപിച്ചു. പേരാമ്പ്രയിലും നടുവണ്ണൂരിലും ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് മഹാറാലികൾ നടക്കുക. രണ്ടിടത്തും 20 വർഷത്തിനുശേഷം അധികാരം തിരിച്ചു പിടിച്ചതിന്റെ ആഹ്ലാദ സൂചകമായി യുഡിഎഫ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. നടുവണ്ണൂരിൽ ബൈക്ക് റാലിയായി ഉച്ചയ്ക്ക് 2 30ന് കരുവണ്ണൂരിൽ നിന്നാണ് ആരംഭിക്കുക. പനമുക്ക്, തോട്ടുമൂല , അരുമൻകണ്ടി താഴെ, കാവുന്തറ, ചെമ്മലപ്പുറം, തുരുത്തിമുക്ക്, മന്ദങ്കാവ്, എസി മുക്ക്, കിഴക്കോട്ട് കടവ്, കരിമ്പാപൊയിൽ, എന്നിവിടങ്ങളിലൂടെ വൈകിട്ട് നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ എത്തിച്ചേരുന്ന റാലി താളമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി നടുവണ്ണൂർ ടൗണിലേക്ക് നീങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
കൊയിലാണ്ടി മേഖലയിലും ബാലുശ്ശേരി മേഖലയിലും വൈകിട്ട് ആഹ്ലാദപ്രകടനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് റാലി നടക്കുന്ന ഇടങ്ങളിൽ ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യത. പ്രകടനം ഒരു പരിധിവരെ നേതാക്കന്മാർ നിയന്ത്രിക്കുമെങ്കിലും ആഹ്ലാദപ്രകടനം ആയതിനാൽ ഗതാഗത തടസ്സം വർധിക്കാനാണ് സാധ്യത.

