headerlogo
politics

നടുവണ്ണൂർ ഒമ്പതാം വാർഡിൽ സിറാജിന്റെ പടയോട്ടത്തിന് ദയനീയ പര്യവസാനം

അമിത ആത്മവിശ്വാസവും അവസാന നാടകങ്ങളും വിനയായി

 നടുവണ്ണൂർ ഒമ്പതാം വാർഡിൽ സിറാജിന്റെ പടയോട്ടത്തിന് ദയനീയ പര്യവസാനം
avatar image

NDR News

14 Dec 2025 12:32 PM

നടുവണ്ണൂർ: യുഡിഎഫിന്റെ ഉരുക്കു കോട്ടയായി വിശേഷിപ്പിക്കുന്ന നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് കനത്ത വെല്ലുവിളി ഉയർത്തി രംഗത്ത് വന്ന സിറാജ് നടുവണ്ണൂരിൻ്റെ പടയോട്ടത്തിന് ഫലപ്രഖ്യാപനത്തോടെ ദയനീയാന്ത്യം. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ സീറ്റ് ചർച്ചകൾ ഒമ്പതാം വാർഡിലെ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ പലതവണ സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. മുസ്ലിംലീഗിന് കൂടി സ്വാധീനമുള്ള ഒമ്പതാം വാർഡ് ലീഗിന് കിട്ടിയേ തീരൂ എന്നായിരുന്നു നേതാക്കളുടെയും അണികളുടെ വാശി. കോൺഗ്രസിന് സ്വാധീനമുള്ള പതിനഞ്ചാം വാർഡ് അവർക്ക് ലഭിക്കണമെന്ന വാദവും ഉയർന്നിരുന്നു. പല തലങ്ങളിൽ നടന്ന ചർച്ചയുടെ ഒടുവിൽ ഒമ്പതാം വാർഡ് കോൺഗ്രസിന് തന്നെ നൽകുകയും പതിനഞ്ചാം വാർഡ് മുസ്ലിം ലീഗിന് വിട്ടു കൊടുക്കുകയും ചെയ്തു. ഇരു പാർട്ടികളിലെയും നേതാക്കന്മാർ ഇതിനനുസരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും ഒൻപതാം വാർഡിൽ മുസ്ലിംലീഗിലെ ഒരുപറ്റം ചെറുപ്പക്കാർ എം കെ സിറാജിനെ ജനക്ഷേമ മുന്നണി എന്ന പേരിൽ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചു. ഇവരെ പിന്തുണയ്ക്കുന്ന പ്രവാസികളായ ഏതാനും ചെറുപ്പക്കാരും നാട്ടിലുള്ള വരും കൂടി ചേർന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും കാടിളക്കിയുള്ള പ്രചരണങ്ങളുമായി രംഗത്ത് വന്നപ്പോൾ സിറാജ് ഒമ്പതാം വാർഡിലെയെന്നല്ല നടുവണ്ണൂരിൽ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സ്ഥാനാർത്ഥിയായി മാറി. ഉറച്ച കോട്ടയിൽ വിജയം സുനിശ്ചിതമെന്ന് കരുതിയിരുന്ന യുഡിഎഫ് അപകടം മണത്തറിഞ്ഞു. സിറാജ് ഫാക്ടർ മറി കടക്കാൻ വളരെ വിദഗ്ധമായി യുഡിഎഫ് നടത്തിയ പരോക്ഷമായ പ്രവർത്തനങ്ങൾ പക്ഷേ സിറാജിനോ അണികൾക്കോ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു വേണം കരുതാൻ.  അനൗൺ സ്മെൻറും ആളും ആരവങ്ങളും റീലുകളുമിറക്കി സിറാജ് കളം നിറഞ്ഞപ്പോൾ ജനങ്ങൾ പലതും ഈ തെരഞ്ഞെടുപ്പിന്റെ കോമഡി സീനുകളായി കണ്ടു. ഇതിനിടയിൽ വാർഡിൽ ഡയാലിസിസ് സെൻറർ സ്ഥാപിക്കും, കളി മൈതാനങ്ങൾ നിർമ്മിക്കും തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളും വാരിയെറിയുമ്പോൾ ജനം മൂക്കത്ത് കൈവച്ചിരുന്നു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം പോലും സിറാജിന്റെ അനുയായികൾക്ക് മനസ്സിലായില്ല. ബൂത്തിൽ യുഡിഎഫിന്റെ ഒഴിഞ്ഞ കസേരയുടെയും സിറാജിന്റെ ബൂത്തിലെ ആളുകൾ ഒന്നിച്ചിരിക്കുന്നതിന്റെയും വീഡിയോ ഇറക്കി പരിഹാസം തുടർന്നു. എന്നാൽ ഓരോ ഘട്ടത്തിലും വളരെ തന്ത്രപൂർവ്വവും വിദഗ്ധവുമായാണ് യുഡിഎഫ് പ്രതികരിച്ചത്. വ്യക്തിപരമായി ഒരു ആക്ഷേപവും സിറാജിനെതിരെയോ അണികൾക്കെതിരെയോ നടത്താതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. കുടുംബയോഗങ്ങൾ നടത്തിയും സാദിഖലി തങ്ങൾ പോലുള്ള ഉന്നത നേതാക്കന്മാരോടൊപ്പം സ്ഥാനാർത്ഥി നിൽക്കുന്ന വീഡിയോ പ്രചരിപ്പിച്ചും വ്യക്തിപരമായി ആളെ കണ്ട് സീറ്റ് നഷ്ടപ്പെട്ടാൽ ഉള്ള ഭവിഷ്യത്തിനെ ക്കുറിച്ച് ബോധ്യപ്പെടുത്തിയും യുഡിഎഫ് പ്രവർത്തിച്ചത് ഫലം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. 

      സമ്മതിദായകൻറെ വീട്ടിൽ പലതവണ സന്ദർശനം നടത്തി, സ്ഥാനാർത്ഥിയെ കാണുമ്പോൾ വീട്ടുകാർ തന്നെ ഓടിയൊളിക്കുന്ന അവസ്ഥയിൽ സിറാജിന്റെ സ്ഥാനാർത്ഥിത്വം പലപ്പോഴും വോട്ടർമാർക്ക് തന്നെ ബാധ്യതയായി മാറുകയായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് നടത്തിയ ബൈക്ക് ആക്രമണ നാടകം യുഡിഎഫിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ പോലീസ് തന്നെ കയ്യോടെ പിടികൂടി. ആളുകളുടെ പ്രത്യക്ഷത്തിലുള്ള പ്രതികരണത്തിൽ അമിതമായ ആത്മവിശ്വാസം കൊണ്ട സിറാജ് അവസാന നിമിഷം വരെ ജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ ആയിരുന്നു. എന്നാൽ 233 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഏതായാലും യുഡിഎഫ് പക്ഷത്തുനിന്ന് കുറെ വോട്ടുകൾ സിറാജിന് പിടിക്കാൻ സാധിച്ചെങ്കിലും കാര്യമായി ഒരു പ്രഹരവും ഏൽപ്പിക്കാൻ കഴിഞ്ഞില്ല. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞത് സിറാജ് ൻ്റെ സ്ഥാനാർത്ഥിത്വം  എൽഡിഎഫിനെ  ബാധിച്ചോ എന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എപി ഷാജി മാസ്റ്റർക്ക് 565 വോട്ടും എൽഡിഎഫ് സ്വതന്ത്രൻ സലീം നെടുങ്കണ്ടിക്ക് 261 വോട്ടും ലഭിച്ചു. ടി കെ ദാസൻ 38 വോട്ട് നേടിയപ്പോൾ ഷാജി മാസ്റ്ററുടെ അപരൻ ഷാജി 31 വോട്ട് നേടി. മറ്റൊരു അപരനായ സലിം 13 വോട്ട് നേടി. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പിറകിൽ 233 വോട്ടോടെ മൂന്നാം സ്ഥാനത്തായിരുന്നു സിറാജ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും യുഡിഎഫ് ആരോപിച്ച എൽഡിഎഫ് സിറാജ് ബന്ധം ശരിയല്ല എന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്.

NDR News
14 Dec 2025 12:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents