മുസ്ലിംലീഗിൽ നിന്ന് അഷ്റഫ് പുതിയപ്പുറത്തെ സസ്പെൻഡ് ചെയ്തു
ഒൻപതാം വാർഡിലെ റബൽ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി സംസാരിച്ചുവെന്ന്
നടുവണ്ണൂർ: നടുവണ്ണൂരിലെ മുസ്ലിംലീഗിന്റെ സമുന്നത നേതാവ് അഷ്റഫ് പുതിയപ്പുറത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വരെ സജീവമായിരുന്ന നടുവണ്ണൂർ ലീഗിലെ ഗ്രൂപ്പ് കളികളുടെയും പാര വെപ്പിന്റെയുമൊക്കെ പരിണിത ഫലമായാണ് ഈ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. നടുവണ്ണൂരിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വിജയമാണ് മുസ്ലിം ലീഗ് ഇത്തവണ നേടിയത്. യുഡിഎഫിൽ കോൺഗ്രസിനേക്കാൾ ഒരു സീറ്റ് അധികം നേടി പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വരെ അവകാശപ്പെടാവുന്ന അവസ്ഥയിലേക്ക് പാർട്ടി ഉയർന്നു. എന്നാൽ ഇതിൻറെ ഗൗരവത്തിനനുസരിച്ച് പാർട്ടി പ്രസിഡണ്ട് എന്ന നിലയിൽ അഷ്റഫ് പുതിയപ്പുറം ഉണർന്ന് പ്രവർത്തിച്ചില്ലെന്ന് മാത്രമല്ല വളരെ നിർജീവമായിരുന്നു എന്നാണ് ആരോപണം.
ഇന്നലെ നടന്ന ആഹ്ലാദ പ്രകടനത്തിൽ പോലും നേതൃത്വപരമായ പങ്കാളിത്തം ഉണ്ടായില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ആദ്യ പൊതു യോഗത്തിലും അല്പസമയം മാത്രം വേദിയിലിരുന്ന ശേഷം പരിപാടി കഴിവും മുമ്പ് സ്ഥലം പെട്ടു. ഇതിനേക്കാളെല്ലാം ഗൗരവമുള്ള ആരോപണം മുസ്ലിം ലീഗ് അഭിമാന പോരാട്ടമായി എടുത്ത ഒൻപതാം വാർഡിൽ റബൽ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി സംസാരിച്ചു എന്നതാണ്. പാർട്ടിയുടെ പൊതു അച്ചടക്കത്തെ ലംഘിക്കുന്ന പ്രവർത്തനങ്ങൾ പലപ്പോഴും ഉണ്ടായതായും പാർട്ടി വിലയിരുത്തുന്നുണ്ട്. പാർട്ടിയിൽ നേരത്തെതന്നെ നടപടി സ്വീകരിച്ചതാണ്. എന്നാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഇപ്പോൾ നടുവണ്ണൂരിൽ നേടിയ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയമാണ് ഇത്രയും പെട്ടെന്ന് തന്നെ നടപടിയെടുക്കാൻ നേതൃത്വത്തിന് ധൈര്യം നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അഷ്റഫിനെതിരെയുള്ള നടപടി പാർട്ടി അണികളിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

