പേരാമ്പ്ര മേഖലയിൽ എൽഡിഎഫിന് അഞ്ചിൽ താഴെ വോട്ടുകൾ ക്ക് നഷ്ടമായത് 5 വാർഡുകൾ
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ എൽഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി ലതയുടെ പരാജയം ഒരു വോട്ട്
പേരാമ്പ്ര: ചെറുവണ്ണൂർ, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിലായി ചെറിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിന് നഷ്ടമായത് അഞ്ച് വാർഡുകൾ. ചെറുവണ്ണൂർ പഞ്ചായത്ത് പത്താംവാർഡായ കണ്ടിത്താഴയിൽ സി.പി.എം സ്ഥാനാർത്ഥി ലതക കട്ടയാട്ടിന്റെ പരാജയം ഒരുവോട്ടിനാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എം.ജഷീദ 461 വോട്ടുകൾ നേടിയപ്പോൾ ലതികയ്ക്ക് 460 വോട്ടുകളാണ് കിട്ടിയത്. ചെറുവണ്ണൂരിലെ തന്നെ ഏഴാം വാർഡായ എടക്കയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.എമ്മിൻ്റെ ടി.ഉഷ നാല് വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി രഞ്ജിനി കാവങ്ങാട്ട് 512 വോട്ടുകളും ഉഷ 508 വോട്ടുകളുമാണ് നേടിയത്.
ചക്കിട്ടപ്പാറയിലെ പെരുവണ്ണാമൂഴിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബോബി ഓസ്റ്റിൻ രണ്ട് വോട്ടിനാണ് പരാജയപ്പെട്ടത്. ഇവിടെ യു.ഡി.എഫിൻ്റെ രതീഷിന് 450 വോട്ടുകളാണ് ലഭിച്ചത്. ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടിയിൽ സി.പി.എമ്മിൻ്റെ എം.ഭാസ്കരൻ 521വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി കോൺഗ്രസിൻ്റെ മണ്ടയുള്ളതിൽ ബാലൻ 523 വോട്ടുകൾ, അതായത് രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കൂത്താളി പഞ്ചായത്ത് കണ്ണോത്ത് നിന്ന് സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം സി.കെ.രൂപേഷ് മൂന്നുവോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസിലെ രവീന്ദ്രൻ കോളോത്തിന് 443 വോട്ടുകളും രൂപേഷിന് 440 വോട്ടുകളുമാണ് ലഭിച്ചത്.

