പേരാമ്പ്ര പഞ്ചായത്തിൽ പ്രസിഡൻ്റായി യുഡിഎഫിന് യുവ മുഖം; അഡ്വ അപർണ പരിഗണനയിൽ
16-ാം വാർഡിൽ വിജയിച്ച ലതിക വിനോദിനെ പ്രസിഡൻ്റാക്കണമെന്ന് ഒരു വിഭാഗം
പേരാമ്പ്ര: മിന്നുന്ന വിജയവുമായി പേരാമ്പ്ര പഞ്ചായത്തിൽ ഭരണമുറപ്പിച്ച യുഡിഎഫിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ചകൾ സജീവമായി. 21 വാർഡുകളിൽ 12 സീറ്റുകളും നേടിയാണ് പഞ്ചായത്തിന്റെ ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തത്. അടുത്ത അഞ്ചു വർഷത്തേക്ക് പേരാമ്പ്രയുടെ ഭരണസാര ത്യം ആര് കേൾക്കും എന്ന ചർച്ചയാണ് പഞ്ചായത്തിൽ ഇന്ന് സജീവമായി നടക്കുന്നത്. എട്ടാം വാർഡിൽ വിജയിച്ച അഡ്വ. അപർണ്ണ കെ പ്രസിഡന്റായേക്കാമെന്നാണ് നിലവിലെ സൂചന. യുവമുഖം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നത് പഞ്ചായത്തിൽ യുഡിഎഫിന് മൊത്തത്തിൽ ഗുണം ചെയ്യുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അന്തിമ തീരുമാനം കോൺഗ്രസും യു.ഡി.എഫും യോഗം ചേർന്ന് ഉടൻ എടുക്കും.
നിലവിൽ പേരാമ്പ്ര പഞ്ചായത്തിൽ എൽ.ഡി.എഫിന് എട്ട് സീറ്റും എൻ.ഡി.എയ്ക്ക് ഒരു സീറ്റുമാണ്. എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകൾ വരെ യുഡിഎഫ് പിടിച്ചെടുത്താണ് വിജയിച്ചത്. 16-ാം വാർഡിൽ വിജയിച്ച ലതിക വിനോദിനെ പ്രസിഡൻ്റാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും രംഗത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

